മൂന്ന് മണിക്കൂർ മൊഴിയെടുപ്പ്; അധികാരം കൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നേരിടുമെന്ന് കുഴൽനാടൻ
വിജിലൻസ് ആവശ്യപ്പെട്ടാൽ കൃത്യമായ തെളിവുകൾ ഹാജരാക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വിജിലൻസ് മാത്യു കുഴൽനാടന്റെ മൊഴി രേഖപ്പെടുത്തി. തൊടുപുഴ മുട്ടത്തുള്ള ഓഫീസിലാണ് മൊഴിയെടുത്തത്. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും അധികാരം കൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നേരിടുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലും പ്രമാണത്തിലും നൽകിയിരിക്കുന്ന തുകയിലെ വ്യത്യാസം സംബന്ധിച്ചാണ് പ്രധാന വിവരങ്ങൾ വിജിലൻസ് ചോദിച്ചറിഞ്ഞത്. ഒപ്പം ഏഴ് കോടി രൂപയോളം വരുന്ന റിസോർട്ടിന്റെ വിലമതിപ്പ് രേഖകളിൽ ഒരു കോടി 90 ലക്ഷം രൂപ മാത്രമാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നും വിജിലൻസ് ചോദ്യം ചെയ്തു. ഏതെങ്കിലും രീതിയിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരങ്ങളും വിജിലൻസ് തേടി.
പൊതുവായ ചോദ്യങ്ങൾ മാത്രമാണ് വിജിലൻസ് ചോദിച്ചതെന്നും എല്ലാത്തിനും കൃത്യമായ മറുപടി നൽകിയെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകളൊന്നും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. വിജിലൻസ് ആവശ്യപ്പെട്ടാൽ കൃത്യമായ തെളിവുകൾ ഹാജരാക്കും, അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കുഴൽനാടൻ പറഞ്ഞു.
2022ൽ ആണ് മാത്യുവും സുഹൃത്തുക്കളും കപ്പിത്താൻസ് റിസോർട്ട് വാങ്ങിയത്. ഒരു കോടി 92 ലക്ഷം രൂപ ആധാരത്തിൽ കാണിച്ച വസ്തുവിന് നാമനിർദേശത്തിനൊപ്പം നൽകിയ സത്യവാങ്ങ്മൂലത്തിൽ മാത്യുവിൻ്റെ ഷെയറായി മൂന്നര കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും ഏഴ് കോടി മതിപ്പ് വിലയുണ്ടായിട്ടും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടക്കാതെ ഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് പരാതി.
ഗാർഹിക ആവശ്യത്തിന് അനുമതി വാങ്ങിയ കെട്ടിടം പിന്നീട് റിസോർട്ടാക്കി മാറ്റിയെന്നും ആരോപണമുയർന്നു. മാത്യു കുഴൽനാടന് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് പരാതി നൽകിയത്. കാലാവധി കഴിഞ്ഞ റിസോർട്ടിൻ്റെ ലൈസൻസ് അടുത്തിടെ പഞ്ചായത്ത് പുതുക്കി നൽകിയിരുന്നു.
പ്രാഥമിക ഘട്ടമെന്ന നിലയിലാണ് വിജിലൻസ് മാത്യു കുഴൽനാടന്റെ മൊഴിയെടുത്തത്. മൂന്നുമണിക്കൂറാണ് മാത്യു കുഴൽനാടനോട് വിജിലൻസ് വിവരങ്ങൾ തേടിയത്.
Adjust Story Font
16