മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിക്കേസ്: മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായിയുടെ വീട്ടിൽ റെയ്ഡ്
മട്ടന്നൂർ ജുമാ മസ്ജിദ്, അതിനോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണത്തിൽ വഖഫ് ബോർഡിനെ വെട്ടിച്ച് പണം തട്ടിയെന്നാണ് പരാതി
മട്ടന്നൂർ: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ 9 കോടിയുടെ അഴിമതി നടത്തിയെന്ന കേസിലാണ് റെയ്ഡ്. രേഖകൾ പിടിച്ചെടുക്കാനാണ് പരിശോധനയെന്ന് മട്ടന്നൂർ പൊലീസ് വ്യക്തമാക്കി. കേസിൽ അബ്ദുറഹ്മാൻ കല്ലായിയടക്കം മൂന്നു പേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
പള്ളി കമ്മിറ്റി അംഗം നെടുവോട്ടുംകുന്നിലെ എംവി ഷമീറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. മട്ടന്നൂർ ജുമാ മസ്ജിദ്, ഇതിനോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണത്തിൽ വഖഫ് ബോർഡിനെ വെട്ടിച്ച് പണം തട്ടിയെന്നാണ് പരാതി. മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റാണ് അബ്ദുൽ റഹ്മാൻ കല്ലായി. മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം.സി കുഞ്ഞഹമ്മദ്, മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ യു. മഹറൂഫ് എന്നിവരാണ് കേസിൽ മറ്റു പ്രതികൾ. പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കണമെന്ന് കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ നിർദേശിച്ചിരുന്നു.
കേസിൽ മൂവർക്കും ഉപാധികളോടെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത്. ഇന്ത്യ വിട്ടുപോകാതിരിക്കാൻ മൂവരുടെയും പാസ്പോർട്ട് പോലീസ് സ്റ്റേഷനിലോ കോടതിയിലോ നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്നും വ്യവസ്ഥകളുണ്ട്. അഴിമതി നടത്താൻ വേണ്ടിയാണ് വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമാണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
Adjust Story Font
16