'എനിക്ക് നിഷേധിക്കപ്പെട്ട നീതിയുടെ അർത്ഥ തലങ്ങൾ അവന്‍ പഠിച്ചു തുടങ്ങും'; മകന്‍ എല്‍.എല്‍.ബി പാസായ സന്തോഷം പങ്കുവച്ച് മഅ്ദനി
''കടുത്ത നീതിനിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങൾക്കിടയിൽ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാർത്ത''
മകന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി എല്‍.എല്‍.ബി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് അബ്ദുന്നാസര്‍ മഅ്ദനി. തന്‍റെ പ്രിയങ്കരനായ മകന്‍ എല്‍.എല്‍.ബി പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു എന്നും തനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അർത്ഥ തലങ്ങൾ അവന്‍ കൂടുതൽ പഠിച്ചു തുടങ്ങുമെന്നും മഅ്ദനി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
''സന്തോഷത്തിന്റെ ദിനം.കടുത്ത നീതിനിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങൾക്കിടയിൽ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാർത്ത. എന്റെ പ്രിയങ്കരനായ ഇളയ മകൻ സലാഹുദ്ദീൻ അയ്യൂബി ഇന്ന് എല്‍.എല്‍.ബി പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു. അൽഹംദുലില്ലാഹ്. നിരപരാധിത്തം തെളിയിച്ച് കോയമ്പത്തൂർ ജയിലിൽ നിന്ന് മോചിതനായി വന്ന് ഞാൻ ശംഖുമുഖത്തു ജയിലനുഭവങ്ങൾ പറയുമ്പോൾ അത് കേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്നു പൊട്ടിക്കരഞ്ഞ ആ പിഞ്ചു ബാലൻ ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അർത്ഥ തലങ്ങൾ കൂടുതൽ പഠിച്ചു തുടങ്ങും..ഇൻശാഅല്ലാഹ്'' - മഅ്ദനി കുറിച്ചു.
2014 മുതൽ സുപ്രീം കോടതി നിർദേശിച്ച കടുത്ത നിബന്ധനകൾക്ക് വിധേയമായുള്ള ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണാ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിൽ വിമർശനം ശക്തമാണ്.
Adjust Story Font
16