സർപ്രൈസ് തരാമെന്ന് പറഞ്ഞു, പിന്നീട് ആഞ്ഞുവെട്ടി; ശ്രീമഹേഷ് ലക്ഷ്യം വെച്ചത് മൂന്നുപേരെ
കൊലയ്ക്കായി മാവേലിക്കരയിൽ തന്നെ മഴു പണിതെടുക്കുകയായിരുന്നുവെന്നും പൊലീസ്
മാവേലിക്കര: മാവേലിക്കരയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീമഹേഷ് ലക്ഷ്യം വെച്ചിരുന്നത് മൂന്നു പേരെയെന്ന് സൂചന. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താനായിരുന്നു ശ്രീമഹേഷിന്റെ പദ്ധതി. കൊല ആസൂത്രിതം തന്നെയെന്നും കൊലയ്ക്കായി മാവേലിക്കരയിൽ തന്നെ മഴു പണിതെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥയോട് പകയുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ഇവർ പിന്മാറിയത് ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടാണെന്നും പൊലീസ് പറയുന്നു. ഇവരെ ജോലിസ്ഥലത്തടക്കം ചെന്ന് ശ്രീമഹേഷ് ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. ശ്രീമഹേഷിനെതിരെ ഇവർ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ശ്രീമഹേഷ് നിരാശയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഇയാൾ കൗൺസിലിംഗിന് വിധേയനായതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എവിടെയാണ് കൗൺസിലിംഗ് നേടിയത് എന്നുള്ള കാര്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
കൊലയ്ക്കായി ഓൺലൈൻ വഴിയും മഴു വാങ്ങാൻ പ്രതി ശ്രമം നടത്തിയിരുന്നു. പിന്നീടാണ് മൂർച്ചയേറിയ മഴു പ്രത്യേകമായി മാവേലിക്കരയിൽ തന്നെ പണിയിപ്പിച്ചത്. വീട്ടിൽ മരം വെട്ടുന്നതിന് വേണ്ടി മഴു ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് മഴു ഉണ്ടാക്കിച്ചത്. ഒന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട നക്ഷത്ര. കുട്ടിക്ക് ഗെയിം കളിക്കാൻ ടാബ് നൽകി സോഫയിലിരുത്തിയ ശേഷം ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞാണ് ശ്രീമഹേഷ് കൊല നടത്തിയത്. കുട്ടി ടാബിൽ കളിക്കുന്നതിനിടെ ഇയാൾ കഴുത്തിന് പുറകിൽ വെട്ടുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും ഇയാൾ ആക്രമിച്ചു. സംഭവസമയം ശ്രീമഹേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
ഇതിനിടെ ഇന്നലെ മാവേലിക്കര സബ് ജയിലിൽ വെച്ച് ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
Adjust Story Font
16