'മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് നിയമപരമായി തടയാൻ കഴിയില്ല'; മാവേലിക്കര എം.എൽ.എ
കോടതി വിധിയെ എതിർത്ത് മണ്ണെടുപ്പിന് സ്റ്റോപ് മെമ്മോ നൽകിയാൽ അത് കോടതിയലക്ഷ്യമായാണ് കണക്കാക്കപ്പെടുക, ഇതാണ് നിയമതടസ്സം
ആലപ്പുഴ: കോടതി വിധി നിലനിൽക്കുന്നതിനാൽ ആലപ്പുഴ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് നിയമപരമായി തടയാൻ കഴിയില്ലെന്ന് മാവേലിക്കര എംഎൽഎ അരുൺകുമാർ. കോടതി വിധിയെ മാനിക്കുന്നതുകൊണ്ടാണ് സ്റ്റോപ്പ് മെമ്മോ നൽകാൻ കഴിയാത്തതെന്നും പരിശോധന നടക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.
മറ്റപ്പള്ളിയിൽ പ്രതിഷേധക്കാരെ കാണാൻ എത്തിയപ്പോഴായിരുന്നു എം.എൽ.എയുടെ പ്രതികരണം.
കോടതി വിധിയെ എതിർത്ത് മണ്ണെടുപ്പിന് സ്റ്റോപ് മെമ്മോ നൽകിയാൽ അത് കോടതിയലക്ഷ്യമായാണ് കണക്കാക്കപ്പെടുക. ഇതാണ് നിയമതടസ്സം. നവംബർ 16ന് മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സംഭവസ്ഥലത്ത് നിന്ന് മണ്ണെടുപ്പ് യന്ത്രങ്ങളും മറ്റും മാറ്റാൻ കരാറുകാരൻ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം ശക്തമായി തുടരുകയാണ്.
2008 മുതൽ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ എതിർത്തുവരികയാണ്. ദേശീയ പാത നിർമാണത്തിനായാണു പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ കുന്നിടിച്ചു മണ്ണെടുക്കാൻ തുടങ്ങിയത്. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്. മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മലകൾ ഇടിച്ചു നിരത്തിയാൽ നാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.
മൂന്ന് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടർ ടാങ്ക് മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് തുടർന്നാൽ വാട്ടർ ടാങ്ക് തകരും. രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
Adjust Story Font
16