'അഴിമതി മേയർ ഗോ ബാക്ക്'; തിരുവനന്തപുരം കോർപ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവെച്ചു
തിരുവനന്തപുരം: കോർപ്പറേഷൻ യോഗത്തിനിടെ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ ചേരുന്നതിനിടെയാണ് മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയത്. ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. 'അഴിമതി മേയർ ഗോ ബാക്ക്' എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ മേയർക്കുനേരെ കരിങ്കൊടി കാണിച്ചു. അതേ സമയം 'നമ്മൾ മേയർക്കൊപ്പം' എന്ന ബാനറുമായി ഭരണപക്ഷ കൗൺസിലർമാരും രംഗത്തെത്തി. പ്രതിപക്ഷം എന്തുകൊണ്ട് ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ ചോദ്യം.
കത്ത് വിവാദത്തിൽ സ്‌പെഷ്യൽ കൗൺസിൽ യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമനുസരിച്ചാണ് മേയർ യോഗം വിളിക്കാൻ അനുമതി നൽകിയത്. എന്നാല്‍ കൗൺസിൽ യോഗത്തിൽ മേയർ അധ്യക്ഷത വഹിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും യുഡിഎഫ്-ബിജെപി കൗൺസിലർമാരുടെ ആവശ്യം മേയർ തള്ളുകയായിരുന്നു. മേയർ അധ്യക്ഷത വഹിച്ചാൽ യോഗം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് കൗൺസിലർമാർ അറിയിച്ചു.
പ്രതിഷേധത്തെ പ്രതിരോധിച്ചതോടെ യോഗം അലങ്കോലമായി. ഇരു വിഭാഗം കൗൺസിലർമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആഭാസസമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അന്തസുണ്ടെങ്കിൽ പ്രതിപക്ഷം ചർച്ചക്ക് തയ്യാറാകാണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവെച്ചു.
Adjust Story Font
16