‘ബാബരി മസ്ജിദ് തകർത്തത് ജാംബവാന്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ട’; കെ. സുധാകരന് മറുപടിയുമായി എം.ബി രാജേഷ്
‘പള്ളി പൊളിച്ചത് ജാംബവാൻ ആണെന്ന് ഗോവിന്ദൻ മാഷോ മറ്റോ പറഞ്ഞിരുന്നെങ്കിൽ, ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ- ലീഗ്- മീഡിയവൺ- കോൺഗ്രസ് സഖ്യം കേരളത്തിൽ ഭൂമികുലുക്കം ഉണ്ടാക്കുമായിരുന്നില്ലേ?’
തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്താണെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരെൻറ പ്രസ്താവനക്കെതിരെ മന്ത്രി എം.ബി രാജേഷ്. കോൺഗ്രസുകാരനായ നരസിംഹ റാവുവിന്റെ കാലത്താണ് ബാബരി മസ്ജിദ് തകർത്തത്. ബാബരി മസ്ജിദിന്റെ കവാടങ്ങൾ ആരാധനയ്ക്കായി തുറന്നുകൊടുത്ത് ആർഎസ്എസിന് തർക്കമുന്നയിക്കാൻ വഴിമരുന്നിട്ടു കൊടുത്തതും ജാംബവാൻ ആയിരുന്നില്ല. രാഹുൽ- പ്രിയങ്കാ ഗാന്ധിമാരുടെ പിതാവ് രാജീവ് ഗാന്ധിയായിരുന്നുവെന്നും എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
ജാംബവാന് പങ്കില്ല
ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അല്ല സുധാകരൻ, കോൺഗ്രസുകാരനായ നരസിംഹ റാവുവിന്റെ കാലത്താണ് ബാബറി മസ്ജിദ് തകർത്തത്. ബാബറി മസ്ജിദിന്റെ കവാടങ്ങൾ ആരാധനയ്ക്കായി തുറന്നുകൊടുത്ത് ആർ എസ് എസിന് തർക്കമുന്നയിക്കാൻ വഴിമരുന്നിട്ടു കൊടുത്തതും ജാംബവാൻ ആയിരുന്നില്ല. രാഹുൽ- പ്രിയങ്കാ ഗാന്ധിമാരുടെ പിതാവ് ശ്രീ. രാജീവ് ഗാന്ധിയായിരുന്നു. പിന്നീട് ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിലാന്യാസത്തിനു അനുവാദം കൊടുത്തതും ജാംബവാൻ ആയിരുന്നില്ല, കോൺഗ്രസ് നേതാവായിരുന്ന ശ്രീ. രാജീവ് ഗാന്ധി തന്നെയായിരുന്നു. 1989 ലെ കോൺഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അയോദ്ധ്യയിൽ നിന്ന് ആരംഭിച്ചതും ജാംബവാൻ ആയിരുന്നില്ല, രാജീവ് ഗാന്ധി തന്നെയായിരുന്നു. അതുകൊണ്ട് ബാബറി മസ്ജിദ് തകർത്തത് സുധാകരൻ ജാംബവാന്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ട.
വാൽക്കഷ്ണം- പള്ളി പൊളിച്ചത് ജാംബവാൻ ആണെന്ന് ഗോവിന്ദൻ മാഷോ മറ്റോ പറഞ്ഞിരുന്നെങ്കിൽ, ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ- ലീഗ്- മീഡിയവൺ- കോൺഗ്രസ് സഖ്യം കേരളത്തിൽ ഭൂമി കുലുക്കം ഉണ്ടാക്കുമായിരുന്നില്ലേ?
Adjust Story Font
16