Quantcast

താനും ഇ.എം.എസും പഴയ കോൺ​ഗ്രസുകാർ; മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാൻ ഒപ്പമുള്ളവരുടെ ശ്രമമെന്നും പി.വി അൻവർ

പാർട്ടിക്ക് വേണ്ട എന്ന് തോന്നുന്നതുവരെ താൻ പാർട്ടിയിൽനിന്ന് പോരാടുമെന്നും അൻവർ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2024-09-21 15:58:27.0

Published:

21 Sep 2024 2:07 PM GMT

താനും ഇ.എം.എസും പഴയ കോൺ​ഗ്രസുകാർ; മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാൻ ഒപ്പമുള്ളവരുടെ ശ്രമമെന്നും പി.വി അൻവർ
X

മലപ്പുറം: പി.വി അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും അദ്ദേഹം വന്ന വഴി കോൺഗ്രസിന്റേത് ആണെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി എംഎൽഎ. താനും ഇ.എം.എസും പഴയ കോൺഗ്രസാണെന്നും അക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും അൻവർ പറഞ്ഞു. ഇ.എം.എസ് കെപിസിസി സെക്രട്ടറിയായിരുന്നു. അദ്ദേഹമെങ്ങനെയാണ് സഖാവ് ഇ.എം.എസ് ആയതെന്നും അൻവർ ചോദിച്ചു. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാനാണ് ഒപ്പമുള്ളവരുടെ ശ്രമമെന്നും അൻവർ പ്രതികരിച്ചു.

പാർട്ടിയുടെ ചട്ടക്കൂടിനു വിരുദ്ധമായാണ് താൻ പ്രവർത്തിച്ചത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. തനിക്ക് വേറൊരു മാർഗവും ഉണ്ടായിരുന്നില്ല. ആദ്യം കൊടുത്ത കത്തിൽ ശശിയുടെ പേര് പറഞ്ഞിരുന്നില്ല. അക്കാര്യം പാർട്ടി സെക്രട്ടറി പറഞ്ഞു. അത് മാധ്യമങ്ങൾ വാർത്തയാക്കി. അപ്പോൾ താൻ ശശിക്കെതിരെ പരാതി കൊടുത്തു.

മുഖ്യമന്ത്രിയെ മൊത്തത്തിൽ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. താൻ കൊള്ളക്കാർക്കു വേണ്ടിയും ലോബിക്കു വേണ്ടിയും പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ഇന്നുപറഞ്ഞത് എഡിജിപി അജിത്കുമാറിന്റെ സ്റ്റേറ്റ്മെന്റാണ്. ഡിജിപിക്ക് മൊഴി നൽകി പുറത്തുവന്ന ശേഷം അജിത്കുമാർ ആദ്യം പറഞ്ഞ പ്രസ്താവന. അതാണ് ഇന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഇന്ന് ഇവർ പറയിപ്പിച്ചത്.

അതേസമയം, നിരന്തരം ആരോപണം ഉന്നയിച്ചിട്ടും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാൻ മാത്രം ദുർബലനാണോ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന്, അത് തനിക്കറിയില്ല എന്നായിരുന്നു അൻവറിന്റെ മറുപടി. തന്നെ ചവിട്ടി പുറത്താക്കിയാലും താൻ മുഖ്യമന്ത്രിയെയും പാർട്ടിയേയും തള്ളിപ്പറയില്ല. പാർട്ടിക്ക് വേണ്ട എന്ന് തോന്നുന്നതുവരെ താൻ പാർട്ടിയിൽനിന്ന് പോരാടുമെന്നും അൻവർ വ്യക്തമാക്കി.

പി.ശശിയെ കുറിച്ച് പറയാൻ കുറച്ച് സഖാക്കൾ തന്റെയടുക്കൽ വന്നിരുന്നു. കണ്ണൂരിൽ നിന്ന് രക്തസാക്ഷി കുടുംബത്തിലെ സഖാക്കളുടെയും അമ്മമാരുടേയും സന്ദേശം വന്നുകൊണ്ടിരിക്കുകയാണ്. അവരുടെ കണ്ണീരിന്റെ കഥ തന്റെ ഫോണിലുണ്ടെന്നും അൻവർ പറഞ്ഞു. ഇവരൊക്കെ വിരൽ ചൂണ്ടുന്നത് പി. ശശിയിലേക്കാണ്. ഇത് പി.വി അൻവറിന്റെ മാത്രം അഭിപ്രായമല്ല. അദ്ദേഹവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാർട്ടിയിലെ വളരെ ഉത്തരവാദിത്തപ്പെട്ടയാളുകൾക്ക് ബോധ്യമുള്ളതാണ്.

പക്ഷേ മുഖ്യമന്ത്രിയെ ഒരു കാരണവശാലും ഇതൊന്നും അറിയിക്കില്ല. ബോധ്യപ്പെടുത്തില്ല. ഒപ്പമുള്ളവർ ആത്മാർഥമായിട്ടാണ് മുഖ്യമന്ത്രിയെ സ്‌നേഹിക്കുന്നതെങ്കിൽ ഈ വിവരം എന്തുകൊണ്ടാണ് അദ്ദേഹത്തിനു കൊടുക്കാത്തത്. അദ്ദേഹം പോയി പൊട്ടക്കിണറ്റിൽ ചാടിക്കോട്ടേ എന്നാണോ ഇവരുടെ വിചാരം. ഇന്നത്തെ പത്രസമ്മേളനത്തോടെ അക്കാര്യം എനിക്കുറപ്പായി. പൊട്ടക്കിണറ്റിൽ ചാടിക്കുന്നത് പി.ശശിയും അജിത്കുമാറും മാത്രമല്ല, പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവരും തെറ്റിദ്ധരിപ്പിക്കുന്നോ എന്ന് മുഖ്യമന്ത്രി തന്നെയാണ് പരിശോധിക്കേണ്ടത്- പി.വി അൻവർ കൂട്ടിച്ചേർത്തു.





TAGS :

Next Story