'അംഗീകരിക്കാനാകില്ല; ഗവർണർ തിരുത്തണം'-മാധ്യമവിലക്കിനെ വിമർശിച്ച് കെ.യു.ഡബ്ല്യു.ജെ
മീഡിയവണിനു പുറമെ കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകളെയാണ് വൈകീട്ട് നാലിനു നടന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയത്
തിരുവനന്തപുരം: ഗവർണറുടെ വാർത്താസമ്മേളനത്തിൽ മീഡിയവൺ ഉൾപ്പെടെ നാല് മാധ്യമങ്ങളെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി കേരള പത്രപ്രവർത്തക യൂനിയൻ(കെ.യു.ഡബ്ല്യു.ജെ). ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിച്ചതല്ല. തെറ്റായ സന്ദേശം നൽകുന്ന നടപടി തിരുത്തണമെന്ന് സംസ്ഥാന അധ്യക്ഷ വിനീത എം.വി പ്രതികരിച്ചു.
സർക്കാരിനും ഗവർണർക്കും ഇടയിൽ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലേക്ക് മാധ്യമപ്രവർത്തകരെ വലിച്ചിടുന്ന പ്രവണത അംഗീകരിക്കാനാവില്ല. രാവിലെ മാധ്യമപ്രവർത്തകരെ കേഡർ മാധ്യമപ്രവർത്തകരെന്നും വേഷംമാറി വരുന്നവരെന്ന വിധത്തിലും അധിക്ഷേപിച്ച ഗവർണർ ഇപ്പോൾ രാജ്ഭവനിലേക്ക് മീഡിയവൺ, ജയ്ഹിന്ദ്, കൈരളി, റിപ്പോർട്ടർ ചാനലുകൾക്ക് വാർത്താസമ്മേളനത്തിന് പ്രവേശനം നിഷേധിച്ചിച്ചിരിക്കുന്നു. ഗവർണർ അദ്ദേഹത്തിന്റെ പദവിയുടെ അന്തസ്സ് ഇല്ലാതാകുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് യോജിച്ചതല്ല. തെറ്റായ സന്ദേശം നൽകുന്ന ഈ പ്രവണത തിരുത്താൻ ഗവർണർ തയാറാകണം-ഫേസ്ബുക്കിൽ വിനീത ആവശ്യപ്പെട്ടു.
മീഡിയവണിനു പുറമെ കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകളെയാണ് വൈകീട്ട് നാലിനു നടന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയത്. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ രാവിലെ പറഞ്ഞിരുന്നു. രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാൽ പരിശോധിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചെങ്കിലും മീഡിയവൺ ഉളൾപ്പെടെയുള്ള ചാനലുകൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
വി.സി നിയമന വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഗവർണർ ഇന്ന് അധിക്ഷേപിച്ചിരുന്നു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ആക്ഷേപം. കേഡർമാരോട് പ്രതികരിക്കില്ല. യഥാർത്ഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. വി.സിമാരുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കത്തെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഗവർണറുടെ പ്രതികരണം തേടിയത്.
Summary: 'Unacceptable; Governor should correct it'; KUWJ state president Vineetha MV criticizes the media ban in press meet
Adjust Story Font
16