നിയമസഭയിൽ മാധ്യമവിലക്ക്; പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ നൽകിയില്ല
കഴിഞ്ഞ സഭാ സമ്മേളനംവരെ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്ന പല സ്ഥലത്തും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവിന്റെ ഓഫീസിലും മന്ത്രിമാരുടെ ഓഫീസിലും മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല.
തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം. മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പിആർഡി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. പിആർഡി നൽകുന്നത് ഭരണപക്ഷത്തിന്റെ ദൃശ്യങ്ങൾ മാത്രമാണ്. പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധം ഉയർത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് നൽകാൻ പിആർഡി തയ്യാറായിട്ടില്ല.
കഴിഞ്ഞ സഭാ സമ്മേളനംവരെ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്ന പല സ്ഥലത്തും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവിന്റെ ഓഫീസിലും മന്ത്രിമാരുടെ ഓഫീസിലും മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഇവിടെയൊന്നും മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടെന്ന നിർദേശമാണ് സ്പീക്കർ നൽകിയതെന്നാണ് വാച്ച് ആൻഡ് വാർഡ് പറയുന്നത്. മാധ്യമവിലക്ക് വിവാദമായതോടെ പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ നൽകാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ പറഞ്ഞു.
ഇന്ന് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു. കറുപ്പ് ഷർട്ടും മാസ്‌കുമണിഞ്ഞാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ ഇന്ന് സഭയിലെത്തിയത്. സ്പീക്കർ ചെയറിൽ എഴുന്നേറ്റു നിന്ന് അംഗങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. തുടർന്ന് സഭ നിർത്തിവെച്ചു. സഭയുടെ സുഗമമായ നടത്തിപ്പിനായി സ്പീക്കർ കക്ഷിനേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്.
Adjust Story Font
16