Quantcast

മീഡിയവൺ വിധി മാധ്യമസ്വാതന്ത്ര്യത്തിലെ നാഴികക്കല്ല്; പിന്നിൽ ഈ അഭിഭാഷകർ

രാജ്യത്തെ തന്നെ ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരെ അണിനിരത്തിയാണ് മീഡിയവൺ നീതിക്കായി പോരാടിയത്.

MediaOne Logo

Web Desk

  • Published:

    5 April 2023 12:21 PM GMT

Mediaone case advacates news
X

Mediaone

ന്യൂഡൽഹി: മാധ്യമസ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെ നിർണായക ഏടാണ് മീഡിയവൺ വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധി. കാരണം പോലും പറയാതെ സീൽഡ് കവറിന്റെ ബലത്തിൽ മീഡിയവണിന് ഏർപ്പെടുത്തിയ വിലക്ക് യഥാർഥത്തിൽ ഒരു ചാനലിന് മാത്രമുള്ളതായിരുന്നില്ല. രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന എല്ലാ മാധ്യമങ്ങൾക്കും എതിരായ താക്കീത് കൂടിയായിരുന്നു. ഭരണകൂടത്തിന് ഹിതകരമല്ലാത്ത വാർത്ത കൊടുക്കുന്ന ഏതൊരു മാധ്യമസ്ഥാപനവും ഏകപക്ഷീയമായി അടച്ചൂപൂട്ടപ്പെടാമെന്ന ഭീഷണിയാണ് മീഡിയവൺ കേസിലെ സുപ്രധാന വിധിയിലൂടെ സുപ്രിംകോടതി ഇല്ലാതാക്കിയത്.

രാജ്യത്തെ തന്നെ ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരെ അണിനിരത്തിയാണ് മീഡിയവൺ നീതിക്കായി പോരാടിയത്. അഭിഭാഷകരായ മുകുൾ റോഹ്ത്തഗി, ദുഷ്യന്ത് ദവെ, ഹുസേഫ അഹമ്മദി, ഹാരിസ് ബീരാൻ, അമീൻ ഹസൻ എന്നിവരാണ് മീഡിയവണിനായി കോടതിയിൽ ഹാജരായത്.

അഡ്വ. മുകുൾ റോഹ്ത്തഗി: രാജ്യത്തെ ഏറ്റവും സീനിയിർ അഭിഭാഷകരിൽ ഒരാളും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്ത്തഗി മീഡിവണിനായി സുപ്രിംകോടതിയിൽ ഹാജരായി. 1993-ൽ സീനിയർ അഭിഭാഷക പദവിയിലെത്തിയ റോഹ്ത്തഗി വാജ്‌പേയ് സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഡ്വ. ദുഷ്യന്ത് ദവെ: സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ മീഡിയവണിന് വേണ്ടി കോടതിയിലെത്തി. ചാനൽ നിരോധനത്തിലെ ഭരണഘടനാ പ്രശ്‌നങ്ങളും തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും കോടതിക്ക് മുന്നിൽ അവതരിപ്പിച്ചത് ദവെ ആയിരുന്നു. 1994 മുതൽ സുപ്രിംകോടതിയിൽ സീനിയർ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ദവെ വിവിധ ഹൈക്കോടതികളിലും ഹാജരാകാറുണ്ട്.

അഡ്വ. ഹുസേഫ അഹമ്മദി: സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹുസേഫ അഹമ്മദി മുൻ ചീഫ് ജസ്റ്റിസായ എ.എം അഹമ്മദിയുടെ മകനാണ്. ക്രിമിനൽ ലോ, സിവിൽ ആൻഡ് ടാക്‌സ് ലോ തുടങ്ങിയവയിലെല്ലാം വിദഗ്ധനായ അഹമ്മദി 2012 മുതൽ സുപ്രിംകോടതിയിൽ മുതിർന്ന അഭിഭാഷകനായി സേവനം ചെയ്തുവരികയാണ്.

അഡ്വ. ഹാരിസ് ബീരാൻ: സുപ്രിംകോടതിയിലെ മലയാളി മുഖമായ ഹാരിസ് ബീരാനാണ് മീഡിയവൺ കേസിൽ നിർണായക പങ്കുവഹിച്ച മറ്റൊരു അഭിഭാഷകൻ. കേസിന്റെ നടത്തിപ്പിനും സീനിയർ അഭിഭാഷകരുമായി ചേർന്ന് കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിനും നേതൃത്വം നൽകിയത് ഹാരിസ് ബീരാനാണ്.

അഡ്വ. അമീൻ ഹസൻ: യുവ അഭിഭാഷകനായ അമീൻ ഹസനാണ് മീഡിയവൺ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റൊരാൾ. ഡൽഹി അഭിഭാഷകരുമായി ചേർന്ന് കേസ് മുന്നോട്ട് കൊണ്ടുപോയി ചരിത്ര വിധി സമ്പാദിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അമീൻ ഹസനാണ്.

TAGS :

Next Story