മീഡിയവണ്‍ വാര്‍ത്തയില്‍ ഇടപെടല്‍; പെരുവഴിയിലായ ലീലയ്ക്ക് വീടൊരുങ്ങുന്നു
സഹോദര പുത്രൻ വീട് പൊളിച്ചുകളഞ്ഞതോടെ പെരുവഴിയിലായ പെരുമ്പടന്ന സ്വദേശി ലീലയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നിർദേശപ്രകാരം പറവൂർ ടൗൺ മർച്ചന്‍റ്സ് അസോസിയേഷനാണ് വീട് വച്ചുനൽകുന്നത്
കൊച്ചി: സഹോദര പുത്രൻ വീട് പൊളിച്ചുകളഞ്ഞതോടെ പെരുവഴിയിലായ പറവൂർ പെരുമ്പടന്ന സ്വദേശി ലീലയ്ക്ക് വീടൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നിർദേശപ്രകാരം പറവൂർ ടൗൺ മർച്ചന്‍റ്സ് അസോസിയേഷനാണ് വീട് വച്ചുനൽകുന്നത്. ലീലയുടെ ദുരിതാവസ്ഥയെക്കുറിച്ചുള്ള മീഡിയവൺ വാർത്തയെ തുടർന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ഇടപെടല്‍.
കഴിഞ്ഞ ഒക്ടോബർ 19ന് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് ലീലയുടെ വീട് ഒപ്പം താമസിച്ചിരുന്ന സഹോദരന്‍റെ മകൻ രമേഷ് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ഒരു പകൽ കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ട ലീലയുടെ അവസ്ഥ ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി തകർന്ന വീടിനു മുന്നില്‍ നിസ്സഹായയായി ഇരുന്ന ലീലയെക്കുറിച്ച് മീഡിയവൺ വാർത്ത നൽകിയതോടെ പ്രതിപക്ഷ നോതാവ് സ്ഥലത്തെത്തി. ലീലയ്ക്കു വീട് വച്ചുനൽകുമെന്ന് ഉറപ്പും നൽകി. തുടർന്നാണ്പ പറവൂർ ടൗൺ മർച്ചന്‍റ്സ് അസോസിയേഷൻ ഉത്തരവാദിത്തം ഏറ്റെടുത്തത്.
ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ സബ് ജഡ്ജ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആറ് സെന്‍റ് ഭൂമി സഹോദരങ്ങളുടെ മക്കൾ ലീലയുടെ പേരിൽ എഴുതിനൽകി. 514 സ്ക്വയർ ഫീറ്റിലാണ് വീട് ഒരുക്കുക. 10 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
Summary: Paravur Town Merchants Association will provide a house for Leela, a native of Paravur Perumpadanna, following the intervention of the opposition leader VD Satheesan in MediaOne news about Leela's plight
Adjust Story Font
16