അതിഥി തൊഴിലാളികള്‍ നേരിടുന്ന ചൂഷണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍, അന്വേഷണത്തിന് നിര്‍ദേശം: മീഡിയവണ്‍ ഇംപാക്ട്
സ്വകാര്യ ഏജൻസികളുടെ മൃതദേഹ കൊള്ളയെകുറിച്ചായിരുന്നു മീഡിയവൺ വാർത്ത
കൊച്ചി: മീഡിയവണിന്‍റെ 'മരിച്ചാൽ വിലയേറുന്ന അതിഥി ദേഹങ്ങൾ ' വാർത്ത പരമ്പരയിൽ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ. അതിഥി തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിനെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ നിർദേശം നൽകി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. സ്വകാര്യ ഏജൻസികളുടെ മൃതദേഹ കൊള്ളയെകുറിച്ചായിരുന്നു മീഡിയവൺ വാർത്ത.
അതിഥി തൊഴിലാളി മരിച്ചാല്‍ ജോലി ചെയ്ത് അന്നുവരെ കൂട്ടിവെച്ചതൊന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തികയാറില്ല. അങ്ങനെയാണ് കേരളത്തിൽ തന്നെ മൃതദേഹം സംസ്കരിക്കേണ്ടി വരുന്നത്. അതിഥി തൊഴിലാളിക്ക് മരണം സംഭവിച്ചാൽ പലപ്പോഴും ഏജന്‍റുമാർ കയ്യൊഴിയും. സർക്കാരിന്‍റെ സഹായം കൂടി കിട്ടാതെ വരുമ്പോഴാണ് നാട്ടിലേക്കുള്ള വഴി പൂർണമായും അടയുന്നത്.
സർക്കാരും തൊഴിലുടമയും കയ്യൊഴിയുമ്പോള്‍ അതിഥി തൊഴിലാളികളുടെ മൃതദേഹം ആഴ്ചകളോളം കേരളത്തിലെ മോർച്ചറികളില്‍ കഴിയുന്ന സാഹചര്യമാണ്. നാല് ആഴ്ചയാണ് മധ്യപ്രദേശുകാരനായ അമൻ കുമാറിന്റെ മൃതദേഹം സംസ്‌കരിക്കാൻ വേണ്ടിവന്നത്.
തൊഴിലുടമയും കയ്യൊഴിഞ്ഞതോടെ ജനപ്രതിനിധികൾ ഇടപെട്ട് 49-ാം ദിവസം അമൻ കുമാറിന്റെ മൃതദേഹം കേരളത്തിൽ തന്നെ സംസ്‌കരിക്കുകയായിരുന്നു. ബന്ധുക്കൾ നാട്ടിലുള്ള അതിഥി തൊഴിലാളി മരിച്ചാൽ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. സർക്കാരും തൊഴിലുടമയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവില്ല. ഇതോടെയാണ് മൃതദേഹങ്ങൾ ആഴ്ചകളോളം മോർച്ചറികളിൽ സൂക്ഷിക്കേണ്ട അവസ്ഥയുണ്ടാവുന്നത്.
Adjust Story Font
16