മെഡിസെപ് ആനുകൂല്യം ഒരു തരത്തിലും ലഭിക്കുന്നില്ല; നിസഹായരായി രോഗികൾ
ഏത് അസുഖത്തിന് ഏത് ആശുപത്രിയിലാണ് മെഡിസെപ് ആനുകൂല്യം ലഭിക്കുകയെന്ന് ഗുണഭോക്താകൾക്ക് അറിയാത്തതും വലിയൊരു പ്രശ്‌നമായി നിലനിൽക്കുന്നുണ്ട്
തിരുവനന്തപുരം: കണ്ണൂരിൽ നിന്നുള്ള സ്‌കൂൾ അധ്യാപിക ഹയറുന്നീസയുടെ മെഡിസപ് ആനുകൂല്യം കാർഡിലൊതുങ്ങിയമട്ടാണ്. ഒരുവർഷത്തിനിടെ ഒരിക്കൽപോലും ആശുപത്രി ആവശ്യത്തിന് മെഡിസെപ് പരിരക്ഷ ലഭിച്ചില്ല. കൈയിൽ കാശുള്ളതുകൊണ്ട് മാത്രം അമ്മയ്ക്ക് മികച്ച ചികിത്സ നൽകാൻ കഴിഞ്ഞെന്നാണ് മെഡിസെപ് ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഈ അധ്യാപിക.
ഹയറുന്നീസയുടെ മാതാവിന്റെ ഗർഭാശയ സംബന്ധമായ അസുഖത്തിന് ചികിത്സതേടിയത് കണ്ണൂരിലെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ. ചികിത്സക്കായി ഏകദേശം ഒന്നരലക്ഷത്തോളം രൂപയായി. പണമടക്കാൻ ചെന്നപ്പോഴാണ് മെഡിസെപ് ആനുകൂല്യമുള്ള കാര്യവും കാർഡും ബന്ധപ്പെട്ട ആളുകളെ കാണിച്ചത്. എന്നാൽ ഒരുരൂപ പോലും ആനുകൂല്യമായി ലഭിച്ചില്ലെന്ന് ഹയറുന്നീസ പറഞ്ഞു. ആശുപത്രി ജീവനക്കാർ കൈ മലർത്തുകയാണ് ചെയ്തത്.
ഏത് അസുഖത്തിന് ഏത് ആശുപത്രിയിലാണ് മെഡിസെപ് ആനുകൂല്യം ലഭിക്കുകയെന്ന് ഗുണഭോക്താകൾക്ക് അറിയാത്തതും ഇപ്പോഴത്തെ വലിയൊരു പ്രശ്‌നമായി നിലനിൽക്കുന്നുണ്ട്. മെഡിസെപ് ആനുകൂല്യം ലഭിക്കുമെന്ന് പറയുമ്പോഴും അത് ലഭിക്കാതെ നിസഹായരായി നിൽക്കുകയാണ് രോഗികളും സർക്കാർ ജീവനക്കാരും.
ആരോട് ഇതൊക്കെ പറയുമെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. ഇല്ലാത്ത കാശുണ്ടാക്കി ആശുപത്രി ആവശ്യങ്ങൾക്ക് ചിലവാക്കേണ്ട ഗതികേടിലേക്ക് കൂടിയാണ് മെഡിസെപ് ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർ ചെന്നെത്തുന്നത്.
Adjust Story Font
16