''അവനെ കാണാനില്ലെന്ന വാര്‍ത്തയാണ് ആദ്യം കേട്ടത്, കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കിട്ടിയെന്ന സന്ദേശവും''; പ്രിയസുഹൃത്തിന്‍റെ ഓര്‍മയില്‍ മാധ്യമപ്രവര്‍ത്തകന്‍
വയനാട്ടുകാരനായ ഫൈസല്‍ എന്ന റിപ്പോര്‍ട്ടറാണ് ദുരന്തത്തെക്കുറിച്ച് മീഡിയവണിലൂടെ ലോകത്തെ അറിയിക്കുന്നത്
വയനാട്: ഉരുളെടുത്ത വയനാട്ടിലെ മുണ്ടക്കൈ കേരളത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്..എങ്ങും വിലാപങ്ങള്‍ മാത്രം. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത് ഒരു ഗ്രാമം തന്നെയായിരുന്നു. അവിടെ പരസ്പരം ഒത്തൊരുമയോടെ ജീവിച്ചിരുന്ന ഒരു കൂട്ടം മനുഷ്യരും. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു നാടിനെ നടുക്കിക്കൊണ്ട് ആ മഹാദുരന്തമുണ്ടായത്. നാളെയുടെ പ്രതീക്ഷകളുമായി സമാധാനത്തോടെ ഉറങ്ങാന്‍ കിടന്ന മനുഷ്യരെ ഉരുള്‍ കവര്‍ന്നെടുത്തു. വയനാട്ടുകാരനായ ഫൈസല്‍ എന്ന റിപ്പോര്‍ട്ടറാണ് ദുരന്തത്തെക്കുറിച്ച് മീഡിയവണിലൂടെ ലോകത്തെ അറിയിക്കുന്നത്. ചൂരൽമല, മുണ്ടക്കൈ പ്രദേശത്തിനടുത്ത് താമസിക്കുന്ന ഫൈസല്‍ സ്വന്തം നാട്ടുകാര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ദുരന്തസമയത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അന്നു മുതല്‍ ഇടതടവില്ലാതെ സ്വന്തം നാടിന്‍റെ ദുരവസ്ഥ മീഡിയവണിലൂടെ ജനങ്ങളിലേക്കെത്തിക്കുകയാണ് ഫൈസല്‍.
നാടിന്‍റെ മുക്കും മൂലയും പരിചയമാണ് ഫൈസലിന്. അതുകൊണ്ട് തന്നെ അത്ര വ്യക്തതയോടും കൃത്യതയോടും കൂടിയായിരുന്നു ഫൈസലിന്‍റെ റിപ്പോര്‍ട്ടിംഗ്. കിടപ്പാടവും ജീവനും നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഫൈസലിന്‍റെ പരിചയക്കാരുമുണ്ടായിരുന്നു. റിപ്പോര്‍ട്ടിംഗിനിടയില്‍ അടുത്ത സുഹൃത്തും ചൂരല്‍മല സ്വദേശിയുമായ വൈഷ്ണവ് എന്ന യുവാവിനെ കാണാനില്ലെന്ന ദുഃഖകരമായ വാര്‍ത്തയും ഫൈസലിനെ തേടിയെത്തിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വൈഷ്ണവിന്‍റെ മൃതദേഹം കണ്ടെത്തി എന്ന സങ്കടകരമായ വാര്‍ത്തയും ഫൈസലിന് കേള്‍ക്കേണ്ടി വന്നു.
''ഉരുള്‍പൊട്ടലിനെക്കുറിച്ച് ആദ്യം എന്നെ അറിയിക്കുന്നത് സിറാജ് മൗലവി എന്നയാളാണ്. പുലര്‍ച്ചെ രണ്ടുമണിക്കാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. 'എന്‍റെ വീടിന്‍റെ പകുതിയോളം ചെളി നിറഞ്ഞിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ആരെയെങ്കിലും വിളിച്ചിട്ട് ഈ ഭാഗത്തേക്ക് ഒന്നെത്തിക്കണം'' എന്ന് അദ്ദേഹം പറഞ്ഞു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വന്ന് ഒന്നു മയങ്ങുന്ന സമയത്തായിരുന്നു ഈ കോള്‍. അപ്പോള്‍ തന്നെ സംഘടന, സന്നദ്ധപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. കുറെ പേര് അറിഞ്ഞിട്ടില്ല. എല്ലാവരെയും ഞാന്‍ വിളിച്ചു. അതിനു ശേഷമാണ് ഞാന്‍ ഓഫീസിലെത്തുന്നത്. പിന്നീട് നടന്നതൊക്കെ യാന്ത്രികമാണ്. പുഞ്ചിരിമട്ടത്ത് ഞാന്‍ പോകാത്ത ഒരു സ്ഥലവുമില്ല. രണ്ടാഴ്ച മുന്‍പ് ഞാനിവിടെ വന്നിരുന്നു. അത്ര സമാധാനപരമായ പ്രദേശമാണ്. ഒരു ടെന്‍ഷനുമില്ലാതെ എത്ര നേരം വേണമെങ്കിലും നമുക്കീ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് തങ്ങാം'' ഫൈസല്‍ പറയുന്നു.
Adjust Story Font
16