മീഡിയവൺ സൗരോർജ പദ്ധതിക്ക് തുടക്കം: വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു
സൗരോർജത്തെ കുറിച്ചുള്ള പ്രചാരണം ജനങ്ങളിലെത്തിക്കാൻ മീഡിയവൺ സോളാർ പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
മീഡിയവൺ സൗരോർജ പദ്ധതിക്ക് തുടക്കമായി. മീഡിയവൺ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. സൗരോർജത്തെ കുറിച്ചുള്ള പ്രചാരണം ജനങ്ങളിലെത്തിക്കാൻ മീഡിയവൺ സോളാർ പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ചടങ്ങില്‍ മീഡിയവണ്‍ ചെയര്‍മാന്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
പൂർണമായി സൗരോർജത്തില്‍ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മാധ്യമ സ്ഥാപനമാവുകയാണ് ഇതോടെ മീഡിയവണ്‍.ഒരു ദൃശ്യ മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനം വലിയ അളവില്‍ വൈദ്യുതി ആവശ്യമുള്ളതാണ്. ഒരു ദിവസം ശരാശരി 3600 യൂനിറ്റ് വൈദ്യുതിയാണ് ന്യൂസ് സ്റ്റുഡിയോ ഉള്‍പ്പെടുന്ന മീഡിയവണ്‍ ആസ്ഥാനം പ്രവർത്തിക്കാന്‍ വേണ്ടത്. ഇന്ന് മുതല്‍ ഈ പ്രവർത്തനം നടക്കുക സൗരോർജത്തിന്റെ ബലത്തിലായിരിക്കും. പ്രകൃതി സൗഹൃദമായ ചിലവ് കുറഞ്ഞ ഊർജ ഉപഭോഗത്തിലേക്ക് ഇന്ന് മുതല്‍ മീഡിയവണ്‍ മാറുകയാണ്.
എം.കെ രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, മീഡിയവണ്‍ എം.ഡി ഡോ യാസീന്‍ അഷ്റഫ്, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർ കെ.ബി സ്വാമിനാഥന്‍, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബീ തുടങ്ങിയവർ സംസാരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ വൈദ്യുതി മന്ത്രിമാരായ എം.എം മണി, ആര്യാടന്‍ മുഹമ്മദ്, ചീഫ് സെക്രട്ടറി വി.പി ജോയി എന്നിവർ പരിപാടിക്ക് ആശംസ നേർന്നു.
മീഡിയവണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്ട് സ്വാഗതവും എഡിറ്റർ പ്രമോദ് രാമന്‍ നന്ദിയും പറഞ്ഞു. കോഴിക്കോട് മീഡിയവണ്‍ ആസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ മീഡിയവണ്‍ ഡയറക്ടർബോര്‍ഡ് അംഗങ്ങളടക്കം ചെറിയ സദസ് സാക്ഷ്യം വഹിച്ചു.
Adjust Story Font
16