Quantcast

അരക്കോടിയുടെ ഓണസമ്മാനം! യൂട്യൂബിൽ 50 ലക്ഷം പിന്നിട്ട് മീഡിയവൺ വരിക്കാര്‍

മലയാളത്തില്‍ 50 ലക്ഷം വരിക്കാര്‍ എന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വാര്‍ത്താ ചാനലാണ് മീഡിയവൺ

MediaOne Logo

Web Desk

  • Updated:

    2023-08-29 07:03:34.0

Published:

29 Aug 2023 6:15 AM GMT

MediaOne 5 million, MediaOne subscribers cross 50 lakhs on YouTube, MediaOne tv, MediaOne
X

കോഴിക്കോട്: യൂട്യൂബിൽ അരക്കോടി പിന്നിട്ട് മീഡിയവണിന്റെ പ്രേക്ഷകപിന്തുണ. മലയാളി ഒന്നിച്ചൊന്നായി ആഘോഷിക്കുന്ന തിരുവോണ നാളിലാണ് 50 ലക്ഷം സബ്‌സ്‌ക്രൈബേഴ്സ് എന്ന നാഴികക്കല്ല് ചാനൽ പിന്നിടുന്നത്. പത്താം പിറന്നാൾ വർഷം കൂടിയാണ് ഈ നേട്ടമെന്നത് സന്തോഷം ഇരട്ടിയാക്കുന്നു.

മലയാളത്തില്‍ 50 ലക്ഷം വരിക്കാര്‍ എന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വാര്‍ത്താ ചാനലാണ് മീഡിയവൺ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലടക്കം തുടരുന്ന മേധാവിത്വം അരക്കിട്ടുറപ്പിക്കുകയാണ് യൂട്യൂബിൽ പ്രേക്ഷകർ പതിച്ചുനൽകിയ ഈ പിന്തുണ. വാർത്തയുടെ അവതരണത്തിലും വിശ്വാസ്യതയിലും സമഗ്രതയിലും പ്രേക്ഷകസമൂഹം പുലർത്തുന്ന വിശ്വാസത്തിനുള്ള കൈയൊപ്പുകൂടിയാകുന്നു അത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ഷെയർചാറ്റ്, എക്‌സ്, ത്രെഡ്‌സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം സബ്‌സ്‌ക്രൈബർ എണ്ണത്തിൽ മുൻനിരയിൽ തന്നെയുണ്ട് മീഡിയവൺ. കേന്ദ്ര സർക്കാർ വിലക്കിന്റെയും നിയമപോരാട്ടങ്ങളുടെയുമെല്ലാം കാലത്തും പ്രേക്ഷകർ നൽകിയ ഉറച്ച പിന്തുണ മാറ്റമില്ലാതെ തുടരുന്നതിന്റെ തെളിവ് കൂടിയാണിത്.

മലയാളത്തിന്റെ മാധ്യമസംസ്‌കാരം തന്നെ തിരുത്തിക്കുറിച്ച് മീഡിയവൺ പിറവിയെടുത്തിട്ട് പത്തുവർഷം പിന്നിടുകയാണ്. 2012 ജൂൺ 16ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കോഴിക്കോട് വെള്ളിപറമ്പിലുള്ള ചാനൽ ആസ്ഥാനത്തിനു തറക്കല്ലിട്ടത്. 2013 ഫെബ്രുവരി 10ന് കോഴിക്കോട് സ്വപ്‌നനഗരിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി ചാനൽ ലോഞ്ചിങ്ങും നിർവഹിച്ചു.

വാർത്താന്വേഷണത്തിലും അവതരണത്തിലും പുതിയൊരു ഭാവുകത്വം കൊണ്ടുവരാനായതും മൂല്യവും വിശ്വാസ്യതയുമുള്ള വാർത്താ സ്രോതസെന്ന പ്രേക്ഷകാംഗീകാരം നേടിയെടുക്കാനായതും പത്താണ്ട് പിന്നിടുമ്പോഴുള്ള ഞങ്ങളുടെ ഏറ്റവും വലിയ അഭിമാനമാണ്. ദേശീയ വാർത്തകളിൽ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ, പ്രവാസത്തിന്റെ പ്രതീക്ഷയും പ്രാതിനിധ്യവുമാകാൻ, അന്തർദേശീയ വാർത്താ റിപ്പോർട്ടിങ്ങിൽ പകരം വയ്ക്കാനില്ലാത്ത സാന്നിധ്യമാകാൻ ഞങ്ങളെ സഹായിച്ചത് മൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള സഞ്ചാരമാണ്.

നിരന്തരം ഭരണകൂടവേട്ടകൾക്കിരയാകുമ്പോഴും വിട്ടുവീഴ്ചയില്ലാതെ, സത്യത്തോടും നീതിയോടും മാത്രമുള്ള പ്രതിബദ്ധതയുമായി, അചഞ്ചലമായ സഞ്ചാരം തുടരുകയാണ് മീഡിയവൺ. കാമ്പുള്ള കാഴ്ചകൾക്കായി, നീതിബോധമുള്ള വാർത്തകൾക്കായി മീഡിയവൺ ചാനൽ തുറന്നിരിക്കുന്ന പ്രേക്ഷകലക്ഷങ്ങളാണ് അതിന് ഞങ്ങളുടെ കരുത്ത്.

Summary: MediaOne subscribers cross 50 lakhs on YouTube

TAGS :

Next Story