മാധ്യമ സ്വാതന്ത്ര്യത്തിനായി മീഡിയവൺ നടത്തിയത് ജനാധിപത്യ പോരാട്ടം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
''മീഡിയ വൺ മാനേജ്മന്റിന് പിന്തുണ നൽകിയ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, നേതാക്കൾ ആക്റ്റീവിസ്റ്റുകൾ തുടങ്ങിയവർക്കെല്ലാം പ്രതീക്ഷ നൽകുന്നതാണ് സുപ്രീം കോടതി വിധി''
കോഴിക്കോട്: മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി മീഡിയ വൺ നടത്തിയ പോരാട്ടം ഭരണഘടന ഉറപ്പ് നൽകിയ പൗരസ്വാതന്ത്ര്യത്തെ ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്ന ജനാധിപത്യ പോരാട്ടമായി മാറിയെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ. മീഡിയ വൺ മാനേജ്മന്റിന് പിന്തുണ നൽകിയ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, നേതാക്കൾ ആക്റ്റീവിസ്റ്റുകൾ തുടങ്ങിയവർക്കെല്ലാം പ്രതീക്ഷ നൽകുന്നതാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിനായി മീഡിയവൺ നടത്തിയ ഐതിഹാസിക പോരാട്ടം വിജയിച്ചിരിക്കുന്നു. ദേശസുരക്ഷയുടെ മറവിൽ പൗര സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഭരണകൂടങ്ങൾ ഹനിക്കാൻ പാടില്ല എന്ന കോടതി പരാമർശം ഗൗരവമുള്ളതാണ്. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ലായെന്ന നിരീക്ഷണം ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന നിരീക്ഷണങ്ങളിൽ ഒന്നാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസ്താവനയിറക്കി.
2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.
Adjust Story Font
16