അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; പൊലീസിൽ പരാതി നൽകി മെഡിക്കൽ കോളേജ് അധികൃതർ
പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു
തിരുവനന്തപുരം: അവയവമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി. വൃക്ക അടങ്ങിയ പെട്ടി അനുവാദമില്ലാതെ എടുത്തു കൊണ്ട് പോയെന്നാണ് പരാതി. ആശയക്കുഴപ്പമുണ്ടാക്കി അടച്ചിട്ടിരുന്ന ഓപ്പറേഷൻ തീയറ്ററിനു മുന്നിൽ പെട്ടി വെച്ചു, വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു അപമാനമുണ്ടാക്കിയതായും പരാതിയിൽ ആക്ഷേപമുയർത്തുന്നു. ആംബുലൻസ് ഡ്രൈവർ അടക്കം രണ്ടു പേർക്കെതിരെയാണ് ആശുപത്രി അധികൃതർ പരാതി നൽകിയിരിക്കുന്നത്.
എന്നാൽ സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രേഖപ്പെടുത്തിയിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസെടുക്കുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.
രോഗി മരിച്ച സംഭവം ഡോക്ടർമാരുടെ പിഴവല്ലെന്നാണ് മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനായ കെ.ജി.എം.സി.ടി.എയുടെ വാദം. രണ്ടാമതും രോഗിക്ക് ഡയാലിസിസ് ചെയ്യേണ്ടി വന്നു. ഇതാണ് ശസ്ത്രക്രിയ വൈകാൻ കാരണമെന്നും കെ.ജി.എം.സി.ടി.എയുടെ ഔദ്യോഗിക വക്താവ് ഡോ . ബിനോയ് മീഡിയവണിനോട് പറഞ്ഞു. ഡോക്ടർമാരെ മാത്രം പഴി ചാരി മനോവീര്യം തകർക്കുന്ന നടപടി ശരിയല്ലെന്നും ഡോ. ബിനോയ് പറഞ്ഞു. രോഗി മരിക്കാനിടയായത് ഡോക്ടർമാരുടെ പിഴവല്ല, സിസ്റ്റത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഡോക്ടർമാർക്കാണെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയെയും ഡോക്ടർമാർ തള്ളിപ്പറയുന്നുണ്ട്.
ഇന്നലെയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത് നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് രോഗി മരിച്ചത്. കാരക്കോണം സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. ശനി വൈകിട്ട് വൃക്ക മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശസ്ത്രക്രിയക്കാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും മൂന്ന് മണിക്കൂർകൊണ്ടാണ് വ്യക്ക ആശുപത്രിയിൽ എത്തിച്ചത്.
ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷക മരണം സംഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻറെ ഒരു വ്യക്ക കോട്ടയം മെഡിക്കൽ കോളജിലും മറ്റൊന്ന് കൊച്ചി അമൃത ആശുപത്രിയിലും നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ വ്യക്ക സ്വീകരിക്കാൻ യോഗ്യനായ രോഗി ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം എത്തിച്ചു നൽകുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് അവയവമെത്തിച്ചിട്ടും ശസ്ത്രക്രിയ നടത്തുന്നതിൽ നാല് മണിക്കൂറോളമാണ് വൈകിയത്.
Adjust Story Font
16