Quantcast

'പനിക്ക് ചികിത്സ നൽകിയത് നഴ്‌സ്'; ഒരു വയസ്സുകാരന്റെ മരണത്തിൽ പരാതി

കുട്ടിയെ പീഡിയാട്രീഷ്യൻ കണ്ടില്ലെന്ന വാദം തെറ്റാണെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം

MediaOne Logo

Web Desk

  • Published:

    1 Nov 2024 8:15 AM GMT

Medical negligence allegations in one year olds death in Olllur
X

തൃശൂർ: ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് ഒരുവയസ്സുകാരൻ മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി. ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ നഴ്‌സ് ആണ് ചികിത്സിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒല്ലൂരിലെ വിൻസന്റി ഡീ പോൾ ആശുപത്രിക്കെതിരെ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസമാണ് പനിയെ തുടർന്ന് കുട്ടിയെ ഒല്ലൂരിലെ ആശുപത്രിയിലെത്തിക്കുന്നത്. പീഡിയാട്രീഷ്യന് പകരം കുട്ടിയെ പരിശോധിച്ച നഴ്‌സ് ഒരു ഇൻജക്ഷൻ പോലും നൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. കുഞ്ഞിന് അവശ്യസമയത്ത് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

എന്നാൽ പീഡിയാട്രീഷ്യൻ പരിശോധിച്ച ശേഷം കുട്ടിക്ക് കിടത്തി ചികിത്സ നിർദേശിച്ചതായാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടിയുടെ രക്തത്തിൽ അണുബാധ കണ്ടെത്തിയിരുന്നുവെന്നും തുടർന്ന് കിടത്തി ചികിത്സയ്ക്കായി കയ്യിൽ കുത്തിവെയ്പ്പ് എടുക്കാൻ നേരം ഞരമ്പ് ലഭ്യമായില്ലെന്നും അധികൃതർ പറയുന്നു. തുടർന്നാണ് മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നത്. കുട്ടിയെ പീഡിയാട്രീഷ്യൻ കണ്ടില്ലെന്ന വാദം തെറ്റാണെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം.

കുട്ടിയുടെ പോസ്റ്റ്‌പോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ഇത് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂ.

TAGS :

Next Story