കൈത്താങ്ങായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്; അവയവങ്ങൾ മാറ്റി വച്ചവർക്ക് മരുന്നുകൾ നൽകും
കരള്‍, കിഡ്‌നി, ഹൃദയം എന്നീ അവയവങ്ങൾ മാറ്റിവയ്ക്കപ്പെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യമായി മരുന്നുകൾ നൽകുന്നത്.
പത്തനംതിട്ട: അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. നിരവധി കുടുംബങ്ങൾക്ക് സഹായകരമാകുന്ന പദ്ധതി ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ഇതിലൂടെ, ചെലവേറിയ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ നിർധന രോഗികൾക്ക് തുണയാവുകയാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. ശസ്ത്രക്രിയ നടത്തിയവർക്ക് തുടർ ചികിത്സയ്ക്കും മരുന്നുകൾക്കുമായി വലിയ തുക ചെലവാക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഇത്തരക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കരള്‍, കിഡ്‌നി, ഹൃദയം എന്നീ അവയവങ്ങൾ മാറ്റിവയ്ക്കപ്പെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യമായി മരുന്നുകൾ നൽകുന്നത്.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മരുന്ന് വിതരണം നടത്തുന്നത്. അടുത്തവർഷം മുതൽ പൊതുജന പങ്കാളിത്തത്തോടെ പദ്ധതി വിപുലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സൗജന്യമായി മരുന്ന് ലഭിക്കുന്നതിനായി 75 പേരാണ് നിലവിൽ അപേക്ഷ നൽകിയിട്ടുള്ളത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നായിരിക്കും ഇവർക്ക് എല്ലാ മാസവും മരുന്നുകൾ നൽകുക.
സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന ഇത്തരം ഒരു പദ്ധതിക്കായി 35 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജില്ലയിലെമ്പാടുമുള്ള 150 ഗുണഭോക്താക്കൾക്ക് പദ്ധതി പ്രയോജനകരമാകുമെന്നാണ് ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റേയും വിലയിരുത്തൽ.
Adjust Story Font
16