Quantcast

കാസര്‍കോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'വെജിറ്റേറിയന്‍ മുതല' ബബിയ ഓര്‍മയായി

ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്നു ബബിയ

MediaOne Logo

Web Desk

  • Published:

    10 Oct 2022 4:06 AM GMT

കാസര്‍കോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ വെജിറ്റേറിയന്‍ മുതല ബബിയ ഓര്‍മയായി
X

കാസർകോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ അത്ഭുതമുതലയെന്ന് വിശേഷിപ്പിക്കുന്ന ബബിയ ഓര്‍മയായി. ഇന്നലെ രാത്രിയാണ് മുതല വിട പറഞ്ഞത്. ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്നു ബബിയ. 75 വയസിലേറെ പ്രായമുള്ള ബബിയ പൂർണ സസ്യാഹാരിയായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.


ശർക്കരയും അരിയും ക്ഷേത്രത്തിലെ പ്രസാദവുമായിരുന്നു ബബിയയുടെ ഭക്ഷണം. ഇന്നുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും ബബിയയെ കാണാന്‍ സാധിച്ചിരുന്നില്ല. എത്ര സൂക്ഷിച്ച് നോക്കിയാലും ബാബിയെ ചിലപ്പോൾ കണ്ടെന്ന് വരില്ല. ബബിയെ കാണാൻ സാധിച്ചുവെങ്കിൽ അതവരുടെ ഭാഗ്യവും പുണ്യവുമായി കണക്കാക്കിയിരുന്നു. ക്ഷേത്രക്കുളത്തില്‍ മുന്‍പുണ്ടായിരുന്ന മുതലയെ ബ്രിട്ടീഷ് കാലത്ത് വെടിവെച്ച് കൊന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനുശേഷം ആരും കൊണ്ടുവന്ന് വിട്ടതല്ല ഈ മുതലയെ. തനിയെ ക്ഷേത്രകുളത്തിൽ എത്തിയതെന്നാണ് ഐതിഹ്യം. ഒരു മുതല പോയാൽ ഈ കുളത്തിൽ വീണ്ടുമൊരു മുതല എത്തുമെന്നാണ് വിശ്വാസികൾ പറയുന്നത്.


ക്ഷേത്രപാലകനായി ബബിയയാണ് കണക്കാക്കിയിരുന്നത്.ഇടക്ക് ബബിയ ക്ഷേത്ര നടയിൽ എത്തിയതു ഭക്തർക്കു കൗതുകക്കാഴ്ചയായിരുന്നു മേൽശാന്തി രാത്രി നട അടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ടെങ്കിലും പുലർച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ബബിയ ക്ഷേത്രനടയിൽ കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.





TAGS :

Next Story