ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം നിർമിച്ച സംഭവം; വിമർശനവുമായി പ്രതിപക്ഷനേതാവ്
ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുത്താൽ എം.വി ഗോവിന്ദനെതിരെയും കേസെടുക്കണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം നിർമിച്ച സി.പി.എം തീരുമാനത്തിൽ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമിച്ച് സി.പി.എം കേരളീയ പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണ്. ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുത്താൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും കേസെടുക്കണമെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സി.പി.എം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സി.പി.എം അധപതിച്ചു. രാഷ്ട്രീയ എതിരാളികളെ കൊല്ലുന്നതിന് വേണ്ടി ബോംബ് നിർമ്മാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുകയും അത്തരം പ്രവർത്തനങ്ങളെ ന്യായികരിക്കുകയും ചെയ്യുന്ന നേതാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം നിർമ്മിക്കുന്നതെന്നും കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രിയം കേരളത്തിന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16