Quantcast

കോഴയ്ക്ക് രശീതി കൊടുക്കുന്ന സമ്പ്രദായമില്ല; 6,600 മാത്രമാണ് ഫീസെങ്കിൽ ബാക്കി പണം തിരിച്ചുതരുമോ?- എം.ഇ.എസിനെതിരെ വീണ്ടും പുത്തൂർ റഹ്മാൻ

''ഉന്നതമായ ലക്ഷ്യത്തോടെ സ്ഥാപിതമായ എം.ഇ.എസ് ഒരു കാരുണ്യവുമില്ലാതെ കോഴ ചോദിക്കുന്നു, വാങ്ങുന്നു എന്നതാണ് ചർച്ചാവിഷയം.''

MediaOne Logo

Web Desk

  • Updated:

    2022-09-04 10:04:47.0

Published:

4 Sep 2022 10:03 AM GMT

കോഴയ്ക്ക് രശീതി കൊടുക്കുന്ന സമ്പ്രദായമില്ല; 6,600 മാത്രമാണ് ഫീസെങ്കിൽ ബാക്കി പണം തിരിച്ചുതരുമോ?- എം.ഇ.എസിനെതിരെ വീണ്ടും പുത്തൂർ റഹ്മാൻ
X

കോഴിക്കോട്: എം.ഇ.എസ് കോളജിൽ അഡ്മിഷനു വേണ്ടി ലക്ഷം രൂപ കോഴവാങ്ങിയ സംഭവത്തിൽ വീണ്ടും വിശദീകരണവുമായി യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ. നേരത്തെ താൻ ഉയർത്തിയ വിമർശനത്തിനെതിരെ എം.ഇ.എസ് നേതാക്കൾ കള്ളക്കണക്കും കൊണ്ടുവന്ന് കോഴ വാങ്ങുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് പുത്തൂർ റഹ്മാൻ വിമർശിച്ചു. ഹോസ്റ്റൽ ഫീസായി അടച്ച 6,600 രൂപയുടെയും ടി.എഫ്, എസ്.എഫ്, പി.ടി.എ എന്നിങ്ങനെ അടച്ച 5,515 രൂപയുടെയും റെസീപ്റ്റ് കൈയിലുണ്ട്. എന്നാൽ, കോഴയ്ക്ക് രശീതി കൊടുക്കുന്ന സമ്പ്രദായം എം.ഇ.എസുകാർക്ക് ഇല്ലാത്തതുകൊണ്ട് 1,26,000 നൽകിയതിന് രേഖയൊന്നുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

എം.ഇ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഒ.സി സലാഹുദ്ദീൻ, സംസ്ഥാന സെക്രട്ടറി സി.ടി ഹുസൈൻ എന്നിവരുടെ വിമർശനങ്ങളോട് ഫേസ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു പുത്തൂർ റഹ്മാൻ. ''എം.ഇ.എസിൽനിന്ന് ആവശ്യപ്പെട്ട പണവുമായി കോളജിൽ ചെല്ലുകയും അവിടെ പണമടക്കുകയും ചെയ്ത, അക്കാര്യത്തിനു ഞാൻ ചുമതലപ്പെടുത്തിയ ആളെയും കൂടെപ്പോയവരെയും എനിക്ക് ഹാജരാക്കാൻ കഴിയും. അവരിൽനിന്ന് പണം കൈപ്പറ്റിയ എം.ഇ.എസിന്റെ ആളെയും അറിയാം. ഒ.സി സലാഹുദ്ദീൻ തയാറാണെങ്കിൽ ഇരുകൂട്ടരെയും താങ്കളുടെ മുന്നിൽ ഹാജരാക്കാം. ഞാൻ അടച്ച തുക എന്നു പറയുന്ന 6,600 കഴിച്ചു ബാക്കിയുള്ള തുക ഒ.സി സലാഹുദ്ദീൻ എനിക്ക് തിരികെ വാങ്ങിത്തരാൻ തയാറുണ്ടോ?''-അദ്ദേഹം ചോദിച്ചു.

വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ വെറും കച്ചവടസ്ഥാപനങ്ങളെ പോലെ പെരുമാറരുതെന്നതും ഉന്നതമായ ലക്ഷ്യത്തോടെ സ്ഥാപിതമായ എം.ഇ.എസ് ഒരു കാരുണ്യവുമില്ലാതെ കോഴ ചോദിക്കുന്നു, വാങ്ങുന്നു എന്നതുമാണ് ചർച്ചാവിഷയം. എനിക്ക് എം.ഇ.എസ്സിനോട് ഒരു വിരോധവുമില്ല. സാമ്പത്തികശേഷി കുറഞ്ഞവർക്കെങ്കിലും മാനേജ്മെന്റ് അൽപം പരിഗണന നൽകണമെന്ന എന്റെ അപേക്ഷ എം.ഇ.എസ് ഭാരവാഹികൾ പുച്ഛത്തോടെ തള്ളുകയാണ് ചെയ്തതെന്നും പുത്തൂർ റഹ്മാൻ കൂട്ടിച്ചേർത്തു.

പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വയനാട് സ്വദേശിയായ പെൺകുട്ടിക്ക് വളാഞ്ചേരി എം.ഇ.എസ് കോളജിൽ അഡ്മിഷൻ നേടാൻ ശ്രമിച്ചപ്പോൾ നേരിട്ട തിക്താനുഭവം പങ്കുവച്ചായിരുന്നു ദിവസങ്ങൾക്കുമുൻപ് പുത്തൂർ റഹ്മാൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഒന്നേകാൽ ലക്ഷം രൂപ ഡൊണേഷനായി സ്ഥാപന അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാൽ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ തുകയുമായി ചെന്നപ്പോൾ ഒരു കൊല്ലത്തെ മുഴുവൻ ഫീസും ഹോസ്റ്റൽ ഫീസും മുൻകൂറായി കെട്ടിവച്ചാലേ അഡ്മിഷൻ തരാനാവൂ എന്ന നിലപാടിലായിരുന്നു കോളജ് അധികൃതരെന്നും പുത്തൂർ ആരോപിച്ചു.

പുത്തൂർ റഹ്മാന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എം.ഇ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഒ.സി സലാഹുദ്ദീൻ എഴുതിയ പരിഹാസക്കുറിപ്പും എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.ടി ഹുസൈൻ എഴുതിയ മറ്റൊരു കുറിപ്പും വായിക്കാൻ കഴിഞ്ഞു. എം.ഇ.എസ് സ്ഥാപനങ്ങൾ ഡൊണേഷൻ വാങ്ങരുതെന്നല്ല, വാങ്ങുമ്പോൾ അൽപം കനിവ് കാണിക്കണമെന്നാണ് എനിക്കുണ്ടായ അനുഭവത്തെ മുൻനിർത്തി ഞാനെഴുതിയത്. ഡോണേഷൻ ഒഴിവാക്കി തരണമെന്നല്ല, ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം എന്നത് ഒരു ലക്ഷമെങ്കിലുമാക്കി ഒരിളവ് തരണമെന്ന എന്റെ അപേക്ഷ പോലും സ്വീകരിക്കപ്പെട്ടില്ല എന്നതാണ്, അത്രയും ഭീമമായ തുക വാശിപിടിച്ചുവാങ്ങുന്നു എന്നതാണ് ഞാൻ ഉയർത്തിയ പ്രശ്‌നം.

6,600 രൂപ മാത്രമാണ് ബന്ധപ്പെട്ട കുട്ടിയുടെ പേരിൽ കോളജിൽ അടച്ചതെന്നാണ് മലപ്പുറം ജില്ലാ എം.ഇ.എസ് പ്രസിഡന്റ് എഴുതിയിരിക്കുന്നത്. അത് ഹോസ്റ്റൽ ഫീസായി അടച്ച തുകയാണ്. ടി.എഫ്, എസ്.എഫ്, പി.ടി.എ എന്നിങ്ങനെ 5,515 രൂപ വേറെയും ഞങ്ങൾ അയച്ചിട്ടുണ്ട്. ഇതു രണ്ടിന്റെയും റെസീപ്റ്റും കൈയിലുണ്ട്. കണക്ക് അന്വേഷിച്ചറിഞ്ഞു പറയുമ്പോൾ എല്ലാ കണക്കും പറയണ്ടേ? സലാഹുദ്ദീൻ 6,600 രൂപയുടെ ഒരു കള്ളക്കണക്കും കൊണ്ടുവന്ന് കോഴ വാങ്ങുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. കോഴക്ക് രശീതി കൊടുക്കുന്ന സമ്പ്രദായം എം.ഇ.എസുകാർക്കും മറ്റും ഇല്ലാത്തതുകൊണ്ട് എന്റെ കൈയിൽ ഞങ്ങൾ കൊടുത്ത 1,26,000 രൂപക്ക് രേഖയൊന്നുമില്ല. എം.ഇ.എസിൽനിന്ന് ആവശ്യപ്പെട്ട പണവുമായി കോളജിൽ ചെല്ലുകയും അവിടെ പണമടക്കുകയും ചെയ്ത, അക്കാര്യത്തിനു ഞാൻ ചുമതലപ്പെടുത്തിയ ആളെയും കൂടെപ്പോയവരെയും എനിക്ക് ഹാജരാക്കാൻ കഴിയും. അവരിൽനിന്ന് പണം കൈപ്പറ്റിയ എം.ഇ.എസിന്റെ ആളെയും അറിയാം. ഒ.സി സലാഹുദ്ദീൻ തയാറാണെങ്കിൽ ഇരുകൂട്ടരെയും താങ്കളുടെ മുന്നിൽ ഹാജരാക്കാം. ഞാൻ അടച്ച തുക എന്നു പറയുന്ന 6,600 കഴിച്ചു ബാക്കിയുള്ള തുക ഒ.സി സലാഹുദ്ദീൻ എനിക്ക് തിരികെ വാങ്ങിത്തരാൻ തയാറുണ്ടോ?

ഞാൻ എം.ഇ.എസ്സിൽ ചേർത്ത് പഠിപ്പിക്കുന്ന കുട്ടി എന്റെ ബന്ധുവാണെന്നൊരു വാദം ഉന്നയിക്കുകയും സ്വന്തം ബന്ധുവിനു സീറ്റ് ലഭ്യമാക്കുന്നത് ഒരു കുത്സിത കൃത്യം പോലെ അവതരിപ്പിക്കുകയും ചെയ്യുന്നു എം.ഇ.എസ് ജില്ലാ പ്രസിഡന്റ്. കുട്ടി ആരെന്നത് ഞാനുയർത്തിയ പ്രശ്‌നത്തിന്റെ പ്രസക്തി കുറക്കുന്ന കാര്യമല്ല. എന്റെ കുടുംബത്തിൽ ഫീസ് കൊടുക്കാൻ കഴിയാത്തവരുണ്ടാവില്ലേ? വർഷങ്ങളായി ഗൾഫിലായ എന്റെ നമ്പർ തപ്പിപ്പിടിച്ചാണ് അവരെന്നെ വിളിച്ചത് എന്നു ഞാൻ പറയുന്നത് അപരാധമാണോ? ഞാൻ എന്റെ ബന്ധുവിനു വേണ്ടി സഹായം ചോദിക്കുന്നതിൽ എന്താണ് അപാകത? കുട്ടി എന്റെ മകൾ തന്നെ ആണെന്നിരിക്കട്ടെ, ഇത്രയും തുക ഒരു രക്ഷിതാവിൽനിന്ന് ഡൊണേഷന്റെ പേരിൽ പിടിച്ചുപറിക്കാമോ? ആ പിടിച്ചു പറിച്ച തുക പൂഴ്ത്തിയിട്ട് ഇങ്ങനെ നുണപറയുന്നത് എം.ഇ.എസിന്റെ അന്തസ്സിനു ചേരുന്ന സംഗതിയാണോ?

ഞാനൊരു ഫിലാന്ത്രോപിസ്റ്റാണെന്ന് എവിടെയെങ്കിലും എപ്പോഴെങ്കിലും അവകാശപ്പെട്ടതായി ഒ.സി സലാഹുദ്ദീനു തെളിയിക്കാൻ കഴിയുമോ? ഞാൻ ഫുജൈറ ഗവൺമെന്റിന്റെ ഒരോഫീസിലെ മാസാന്തം വേതനം പറ്റുന്ന ജീവനക്കാരനാണ്. കച്ചവടക്കാരനോ വ്യവസായിയോ അല്ല. സ്വന്തം നിലക്ക് എനിക്കൊരു ഫിലാന്ത്രോപ്പിസ്റ്റാവാനുള്ള ശേഷിയുമില്ല. ലോകമെമ്പാടും സേവനപ്രവർത്തനങ്ങളിൽ മുഴുകുന്ന ലക്ഷക്കണക്കിനു കെ.എം.സി.സി പ്രവർത്തകരിൽ ഒരാളാണ് ഞാൻ എന്നതു മാത്രമാണ് ഞാൻ അവകാശപ്പെടുന്ന എന്റെ യോഗ്യത. കഴിഞ്ഞ 25 കൊല്ലത്തോളമായി യു.എ.ഇയിലെ കെ.എം.സി.സി പ്രവർത്തകർ തെരഞ്ഞെടുത്തുപോരുന്നത് കൊണ്ടുമാത്രം യു.എ.ഇ കെ.എം.സി.സിയുടെ പ്രസിഡന്റായി ഞാൻ പ്രവർത്തിക്കുന്നു. എന്റെ പിതാവ് മുൻകൈയെടുത്തു സ്ഥാപിച്ച ഒരു പ്രസ്ഥാനമല്ല കെ.എം.സി.സി എന്നതും ഞാനതിന്റെ സ്ഥാനത്തിരിക്കുന്നത് ഏതെങ്കിലും വകയിലുള്ള അനന്തരാവകാശം വഴിക്കുമല്ലെന്നും എല്ലാവർക്കും അറിയാം.

നിങ്ങളുടെ വ്യക്തിപരമായ ഇതര ആക്ഷേപങ്ങൾക്കൊന്നും മറുപടി പറയുന്നില്ല. ഞാനാരെന്നതോ എന്ത് എന്നതോ അല്ല പ്രശ്‌നം. വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ വെറും കച്ചവടസ്ഥാപനങ്ങളെ പോലെ പെരുമാറരുതെന്നതും ഉന്നതമായ ലക്ഷ്യത്തോടെ സ്ഥാപിതമായ എം.ഇ.എസ് ഒരു കാരുണ്യവുമില്ലാതെ കോഴ ചോദിക്കുന്നു, വാങ്ങുന്നു എന്നതുമാണ് ചർച്ചാവിഷയം. അത് ഞാൻ കെട്ടിച്ചമച്ച കഥയാണെന്ന് പറയുന്നവരോടും തർക്കിക്കാൻ ഞാനില്ല.

നമുക്കിടയിൽ ഒരൊറ്റ ചലഞ്ച് മാത്രം, ഞാൻ 1,26,000 രൂപയുമായി എം.ഇ.എസ്സിലേക്ക് അയച്ചവരെ ഒരിക്കൽ കൂടി അവരിൽനിന്ന് പണം വാങ്ങിയ എം.ഇ.എസിന്റെ ആളുടെ മുന്നിലെത്തിക്കാം. എം.ഇ.എസ് വാങ്ങിയെന്നു നിങ്ങൾ പറയുന്ന ഫീസായ 6,600 രൂപ കഴിച്ചു ബാക്കിയുള്ള തുക തിരികെ നൽകാൻ ഒന്നിടപെടാമോ..! കണക്കില്ലാത്ത ഡൊണേഷൻ പിടുങ്ങലിനു മാറ്റമൊന്നും ഇല്ലെങ്കിലും അതിനൊരു കണക്കെങ്കിലും ഉണ്ടാവട്ടെ..!

6600 മാത്രമാണ് ഫീസെങ്കിൽ ബാക്കി പണം തിരിച്ചു തരാമോ ജില്ലാ പ്രസിഡന്റേ..? എം.ഇ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ്...

Posted by Puthur Rahman on Sunday, September 4, 2022

യു.എ.ഇയിൽ എം.ഇ.എസ് ഘടകം രൂപീകൃതമായ കാലത്ത് ഡോ. ആസാദ് മൂപ്പൻ അടക്കമുള്ളവരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള എനിക്ക് എം.ഇ.എസ്സിനോട് ഒരു വിരോധവുമില്ല. സാമ്പത്തികശേഷി കുറഞ്ഞവർക്കെങ്കിലും മാനേജ്മെന്റ് അൽപം പരിഗണന നൽകണമെന്ന എന്റെ എഴുത്ത് തന്നെ സലാഹുദ്ദീൻ ഉൾപ്പെടെയുള്ള എം.ഇ.എസ് ഭാരവാഹികൾ എന്റെ അപേക്ഷ പുച്ഛത്തോടെ തള്ളിയ സാഹചര്യത്തിലായിരുന്നു. എം.ഇ.എസ് യു.എ.ഇ ഘടകം പ്രസിഡന്റ് സി.കെ മജീദ് അടക്കം ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. അവരും എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനോട് സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരു വിവാദമുണ്ടാക്കുക എന്റെ താൽപര്യമല്ല. സമൂഹത്തിനു നന്മ ചെയ്യാൻ കഴിയുന്ന സ്ഥാപനങ്ങളെ പ്രമോട്ട് ചെയ്‌തേ എനിക്ക് ശീലമുള്ളൂ. എം.ഇ.എസ്സിലെ ചിലർ എന്നെ വ്യക്തിപരമായി ആക്ഷേപിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല, അതുകൊണ്ടാണ് വീണ്ടുമൊരു കുറിപ്പുമായി വരേണ്ടിവന്നത്.

Summary: ''There is no system of giving receipts for bribes. If the fee is only 6,600, will the remaining money be returned?''- KMCC leader Puthur Rahman again against MES

TAGS :

Next Story