'രാജാവാ'യി, തലയുയർത്തി മടക്കം; പുള്ളാവൂർ പുഴയിൽനിന്ന് മെസ്സിയുടെ കട്ടൗട്ട് നീക്കി
'1986 മുതൽ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. അർജന്റീനയ്ക്ക് വേണ്ടി ഇനിയും നൂറുകൊല്ലം കാത്തിരിക്കാൻ തയ്യാറാണ്. എന്നാൽ ഇപ്രാവശ്യം മിശിഹ അത് നേടിത്തന്നു'
കോഴിക്കോട്: ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ. ഇതിന് തുടക്കം കുറിച്ചതാകട്ടെ പുഴയുടെ നടുവിൽ സ്ഥാപിച്ച മെസ്സിയുടെ കൂറ്റൻ കട്ടൗട്ടും. ഫിഫയുടെ ഔദ്യോഗിക പേജിലടക്കം ഇടംപിടിച്ച മെസ്സിയുടെ കട്ടൗട്ടാണ് അർജന്‍റീന കപ്പടിച്ചതിനു പിന്നാലെ നീക്കം ചെയ്തത്. രാജകീയമായി ഉയർത്തിയ കട്ടൗട്ട് അതി രാജകീയമായി തന്നെയാണ് നീക്കം ചെയ്തത്.
'തോൽവിയറിഞ്ഞിട്ടില്ല, ജയിച്ച് കപ്പുവാങ്ങിച്ചു. ഇത്രയും നാൾ കാത്തിരുന്നു, 1986 മുതൽ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. അർജന്റീനയ്ക്ക് വേണ്ടി ഇനിയും നൂറുകൊല്ലം കാത്തിരിക്കാൻ തയ്യാറാണ്. എന്നാൽ ഇപ്രാവശ്യം മിശിഹ അത് നേടിത്തന്നു'- ആരാധകർ പ്രതികരിച്ചു.
മെസ്സിക്കുപുറമെ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടും നീക്കം ചെയ്തു. ഫിഫ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലടക്കം പങ്കുവെച്ച കട്ടൗട്ടുകള്‍ ലോകശ്രദ്ധയാകെ പിടിച്ചുപറ്റിയിരുന്നു. ' ലോകകപ്പ് ചൂട് കേരളത്തിലും' എന്ന തലക്കെട്ടോടെയായിരുന്നു ഫിഫ ചിത്രം പങ്കുവെച്ചത്. പുള്ളാവൂരിൽ ആദ്യം സ്ഥാപിച്ചത് മെസിയുടെ കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെയും റൊണാൾഡോയുടെയും കട്ടൗട്ടുകൾ ആരാധകർ സ്ഥാപിച്ചു.
അതേസമയം കട്ടൗട്ടുകൾ സ്ഥാപിച്ചതിന് പിന്നാലെ ഇവ നീക്കം ചെയ്യണമെന്നും പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കുമെന്നും പറഞ്ഞ് പുള്ളാവൂർ പുഴയിലൂടെ വിവാദങ്ങൾ ഒത്തിരി ഒഴുകിയെങ്കിലും കട്ടൗട്ടുകളുടെ തലയെടുപ്പിന് ഒരു മാറ്റവും സംഭവിച്ചില്ല.
മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ എന്നിവരുടെ പടുകൂറ്റൻ കട്ടൗട്ടുകളായിരുന്നു പുള്ളാവൂർ പുഴയിൽ ആരാധകർ സ്ഥാപിച്ചത്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതായിരുന്നു കൂട്ടത്തിൽ ഏറ്റവും വലിയ കട്ടൗട്ട്. 50 അടിയാണ് താരത്തിന്റെ കട്ടൗട്ടിന്റെ വലുപ്പം. മെസിയുടെ കട്ടൗട്ട് 30 അടിയും നെയ്മറുടേതിന് 40 അടിയുമായിരുന്നു ഉയരം.
Adjust Story Font
16