Quantcast

ഷിരൂർ തിരച്ചിൽ: ഗംഗാവാലി പുഴയിൽനിന്ന് ലോറി ക്യാബിന്റെ ലോഹഭാഗങ്ങൾ പുറത്തെടുത്തു

നേരത്തെ ടയർ ലഭിച്ച വാഹനത്തിന്റേതു തന്നെയാണോ ഇതെന്നും സംശയമുണ്ട്.

MediaOne Logo

Web Desk

  • Published:

    21 Sep 2024 12:15 PM GMT

Metal parts of lorry cabin recovered from Gangawali river in Shirur search
X

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരവെ ഒരു ലോറിയുടെ ലോഹഭാ​ഗങ്ങൾ പുറത്തെടുത്തു. ക്യാബിന്റെ ഭാ​ഗമാണ് പുറത്തെടുത്തത്. പുഴയിൽ രണ്ടാമത്തെ വാഹനം കണ്ടെത്തിയ സ്ഥലത്തുനിന്നാണ് ഈ ഭാഗം ലഭിച്ചത്. ഇവിടെ ഈശ്വർ മാൽപെ മുങ്ങിയ ശേഷം ക്യാബിനിൽ ക്രെയിനിന്റെ ഹുക്ക് ബന്ധിക്കുകയും ഉയർത്തിയെടുക്കുകയുമായിരുന്നു.

നേരത്തെ, ടയർ ലഭിച്ച വാഹനത്തിന്റേതു തന്നെയാണോ ഇതെന്നും സംശയമുണ്ട്. ഉള്ളിൽ സ്റ്റിയറിങ് മാത്രം അവശേഷിച്ച് മുകൾഭാഗം നഷ്ടമായ നിലയിലുള്ളതാണ് ഈ ഭാഗം. രണ്ട് വാഹനങ്ങളാണ് നദിയിൽ വീണിരിക്കുന്നത്. രണ്ടിന്റേയും ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ഭാ​ഗം ഏത് ലോറിയുടേതാണ് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ആദ്യമായാണ് ഗംഗാവാലി പുഴയിൽനിന്ന് ലോറിയുടേതായി ഇത്രയും വലിയൊരു ഭാഗം കണ്ടെത്താനാവുന്നത്.

അതേസമയം, ‌കണ്ടെത്തിയ ക്യാബിൻ ഭാ​ഗം തന്റെ ലോറിയുടേതല്ലെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് സ്ഥിരീകരിച്ചു. ഈശ്വർ മാൽപെയിൽ 100 ശതമാനം വിശ്വാസമുണ്ട്. ഇദ്ദേഹത്തെയാണ് ഇതുവരെ അദ്ദേഹത്തെ തിരച്ചിലിൽ ഉൾപ്പെടുത്താതിരുന്നത്. ആ മനുഷ്യൻ അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ വന്നതാണ്. ഇപ്പോൾ കണ്ടെത്തിയ ലോഹഭാഗം തന്റെ വണ്ടിയുടേതല്ല. മറ്റേതോ വാഹനത്തിന്റേതാണ്- മനാഫ് വിശദീകരിച്ചു.

ഭാരത് ബെൻസിന്റെ വലിയ ട്രക്കാണ് അർജുൻ ഓടിച്ചിരുന്നത്. ഇപ്പോൾ പുറത്തെടുത്ത ഭാ​ഗം ചെറിയൊരു വാഹനത്തിന്റേതാണ്. ഈ സാഹചര്യത്തിൽ അർജുന്റെ ലോറി കണ്ടെത്താൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. പുഴയിൽ മുങ്ങൽ വിദ​​​ഗ്ധൻ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിലാണ് രണ്ട് ലോറികളുടെ ഭാ​ഗങ്ങൾ ട്രക്കിന്റെ ഭാ​ഗം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ മാൽപെ പുറത്തുവിട്ടിരുന്നു.

പുഴയിൽ കണ്ടെത്തിയ രണ്ട് ടയറുകളും ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തിരുന്നു. എന്നാൽ ഇവ അർജുൻ സഞ്ചരിച്ച തന്റെ ലോറിയുടേത് അല്ലെന്ന് ഉടമയായ മനാഫ് പറഞ്ഞു. ഒരു വാഹനത്തിന്റെ മുൻവശത്തെ രണ്ട് ടയറുകളാണ് ലഭിച്ചത്.


TAGS :

Next Story