അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് പരക്കെ മഴയെന്ന് കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാല് ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം ,തൃശ്ശൂർ , മലപ്പുറം ,വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ചൊവ്വാഴ്ച വരെ വിലക്കേർപ്പെടുത്തി.
അതെസമയം കനത്ത മഴയെ തുടർന്ന് മലപ്പുറം നിലമ്പൂർ ആഢ്യൻപാറ പുഴയ്ക്ക് അക്കരെ കുടുങ്ങിയ മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി.ആഢ്യൻപാറ പവർഹൗസ് കാണാൻ എത്തിയ ചുങ്കത്തറ സ്വദേശികളായ ആറംഗ സംഘത്തിലെ മൂന്ന് പേരാണ് പുഴക്ക് അക്കരെ പന്തീരായിരം വനത്തിൽ കുടുങ്ങിയത്.
ചുങ്കത്തറ സ്വദേശികളായ ഷഹൽ, അർഷിദ്, അനസ് എന്നിവരാണ് പുഴക്കക്കരെ വനത്തിൽ കുടുങ്ങിയത്. വനത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴപെയ്തതോടെ പെട്ടെന്നുണ്ടായ മലവെള്ളപാച്ചിലാണ് ഇവർ ഒറ്റപ്പെട്ടത്. രാത്രി 8.30-ഓടെയാണ് ഇവരെ ഇക്കരെയെത്തിച്ചത്. വൈകീട്ട് 6.30-ഓടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന്, രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥകളെ രക്ഷിച്ചത്. കാട്ടാനകൾ അടക്കം വന്യമൃഗങ്ങളുള്ള പന്തീരായിരം വനമേഖലയിലാണ് ഇവർ കുടങ്ങിയത്.
Adjust Story Font
16