Quantcast

പാർട്ടിയെ വെട്ടിലാക്കി മുകേഷിനെതിരായ മീ ടൂ; രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം ഇന്ന്

മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും മുകേഷിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തും

MediaOne Logo

Web Desk

  • Published:

    26 Aug 2024 12:50 AM GMT

Mukesh MLA
X

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ആരോപണ വിധേയനായ കൊല്ലം എം.എൽ.എ എം. മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം ഇന്ന് നടക്കും. മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പോളയതോട് നിന്നും മുകേഷിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും മുകേഷിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തും.

അതേസമയം സർക്കാർ രൂപീകരിച്ച അന്വേഷണസംഘത്തിന് മുന്നിൽ അതിജീവിത മുകേഷിനെതിരെ മൊഴി നൽകിയാൽ കേസെടുക്കേണ്ടി വരും. നിയമ നടപടികളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് അന്വേഷണ സംഘത്തിന് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം. റിപ്പോർട്ടിനു മുൻപും ശേഷവും എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. മലയാള സിനിമയിലെ രണ്ട് അതികയന്മാർ ഇതിനോടകം തന്നെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ആരോപണം ഉയർന്നത് കൊല്ലം എം.എൽ.എയും നടനുമായ മുകേഷിനെതിരെ.ഒരു സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട പരിപാടിയിൽ വച്ച് മുകേഷ് മോശമായി ഇടപെട്ടു എന്നാണ് യുവതി ആരോപണം ഉന്നയിച്ചിരുന്നത് .

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് മുന്നിൽ മുകേഷിനെതിരെ ആരോപണമുന്നയിച്ച സ്ത്രീ പരാതി നൽകിയാൽ സർക്കാർ വെട്ടിലാകും. ആരോപണം ഉന്നയിച്ച സ്ത്രീയെ അറിയില്ല എന്നാണ് മുകേഷിന്‍റെ വിശദീകരണം. എന്നാൽ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളും മറ്റും അന്വേഷണസംഘത്തിന് മുന്നിൽ യുവതി ഹാജരാക്കിയാൽ മുകേഷ് നിയമനടപടിക്ക് വിധേയനാകേണ്ടിവരും. മുകേഷിന് പുറമേ മറ്റുപല നടന്മാർക്കെതിരായ ആരോപണങ്ങളും വരും ദിവസങ്ങളിൽ പുറത്ത് വരാൻ സാധ്യതയുണ്ട്.

ആരോപണം ഉന്നയിക്കുന്നവർ പ്രത്യേക സംഘത്തിന് മുന്നിൽ മൊഴി നൽകിയാൽ പൂർണ സംരക്ഷണം എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തൽ നടത്തുകയും നിയമസംവിധാനങ്ങൾക്ക് മുന്നിൽ അത് തുറന്നുപറയുകയും ചെയ്യാതിരുന്നാൽ തുടർന്ന് നടപടികൾ മുന്നോട്ടു കൊണ്ട് പോകുന്നതിന് തടസമുണ്ടാകും എന്നാണ് സർക്കാർ പറയുന്നത്.

TAGS :

Next Story