Quantcast

എം.ജി വി.സി നിയമനം നീളുന്നു; മുൻ വി.സി വിരമിച്ചിട്ട് ഒരാഴ്ച

സർക്കാർ നൽകിയ പാനൽ ഗവർണർ തള്ളിയതോടെ, ചുമതല കൈമാറ്റം ഇനിയും വൈകാനാണ് സാധ്യത

MediaOne Logo

Web Desk

  • Updated:

    2023-06-02 01:02:27.0

Published:

2 Jun 2023 12:54 AM GMT

MGU VC Appointment getting delayed
X

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മൂലം എം ജി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം നീളുന്നു.. മുൻ വി സി വിരമിച്ച് ഒരാഴ്ചയായിട്ടും താൽക്കാലിക ചുമതല നൽകേണ്ട ആളെ പോലും നിശ്ചയിച്ചിട്ടില്ല. സർക്കാർ നൽകിയ പാനൽ ഗവർണർ തള്ളിയതോടെ, ചുമതല കൈമാറ്റം ഇനിയും വൈകാനാണ് സാധ്യത.

എം ജി സർവകലാശാലയിൽ വിസിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുൻ വിസി ഡോ സാബു തോമസ് വിരമിച്ചത്. സെർച്ച് കമ്മിറ്റി നടപടിക്രമങ്ങൾ ആരംഭിക്കാത്തതിനാൽ തന്നെ സർവകലാശാല പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് താൽക്കാലിക ചുമതല കൈമാറേണ്ടതാണ്. പക്ഷെ വിരമിച്ച വി സി സാബു തോമസിന് പുനർനിയമനം നൽകണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെച്ചു. എന്നാൽ കണ്ണൂർ വിസി പുനർനിയമനം സുപ്രീംകോടതി കയറിയ പശ്ചാത്തലത്തിൽ ഗവർണർ ഇതിന് തയ്യാറായില്ല.

പകരം താൽക്കാലിക ചുമതല നൽകാൻ മൂന്നംഗ പാനൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സാബു തോമസിനെയും മറ്റ് പ്രഫസർമാരെയും ഉൾപ്പെടുത്തി സർക്കാർ പാനൽ നൽകിയെങ്കിലും വിരമിച്ചവർ പാനലിൽ പാടില്ല എന്ന് കാട്ടി ഗവർണർ അതും തള്ളി. പകരം സർവീസിലുള്ള പ്രഫസർമാരുടെ പുതിയ പാനൽ വീണ്ടും ആവശ്യപ്പെടും. മലയാളം സർവകലാശാലയിൽ സാബു തോമസിന് അധിക ചുമതല നൽകിയിരുന്നതിനാൽ ഇപ്പോൾ അവിടെയും വിസി ഇല്ല.. ഇതോടെ രണ്ട് സർവകലാശാലകളിലെയും പ്രവർത്തനങ്ങൾ അവതാളത്തിൽ ആയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം മുടങ്ങി. ഇത് കൂടാതെ ഉപരിപഠനം, ജോലി സാധ്യതകൾ, ജീവനക്കാരുടെ ഉദ്യോഗക്കയറ്റം എന്നിവയും പ്രതിസന്ധിയിലായി.

എം ജി യിൽ താൽക്കാലിക ചുമതല കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ ആദ്യം മുതൽക്കേ വീണ്ടും ആരംഭിക്കേണ്ടതിനാൽ നിയമനം ഇനിയും വൈകാനാണ് സാധ്യത. അതേസമയം തന്നെ മലയാളം സർവ്വകലാശാലയിലും പകരക്കാരനെ കണ്ടെത്തേണ്ടിയിരിക്കുന്നു.

TAGS :

Next Story