'മുതുകിൽ ചവിട്ടി, ലാത്തികൊണ്ട് അടിച്ചു'; ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമർദനമെന്ന് പരാതി
വിദ്യാർത്ഥി പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിയുമായിരുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം
ആലപ്പുഴ: മണ്ണഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയായ യൂസഫിന്റെ മകൻ ബർക്കത്ത് അലിയെയാണ് മർദിച്ചത്. മുട്ടുകാലുകൊണ്ട് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തതായാണ് പരാതി. എന്നാൽ, പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വിദ്യാർത്ഥി സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടർ ഒരു പെൺകുട്ടിയുടെ വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. പൊലീസ് കേസെടുത്ത് വിദ്യാർത്ഥിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിഷയം തീർപ്പാക്കിയിരുന്നു. ഇതിനുശേഷം ഇന്നലെ വീണ്ടും കുട്ടിയെ വിളിച്ചുവരുത്തി. രക്ഷിതാക്കൾക്കൊപ്പമായിരുന്നു കുട്ടി സ്റ്റേഷനിലെത്തിയത്.
ഇവരോട് പൊലീസ് ആയിരം രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയം നേരത്തെ തീർപ്പാക്കിയതാണെന്നു പറഞ്ഞ് പണം നൽകാനാകില്ലെന്ന് ഇവർ വ്യക്തമാക്കി. തുടർന്ന് കുട്ടിയെ സ്റ്റേഷന്റെ അകത്ത് ആറു മണിക്കൂറോളം ഇരുത്തി. ഇതിനിടയിലാണ് കാമറയില്ലാത്ത ഭാഗത്തേക്ക് കൊണ്ടുപോയി ക്രൂരമർദനമുണ്ടായത്. ചൂരലെടുത്ത് മുട്ടുകാലിൽ അടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്‌തെന്നു പരാതിയിൽ പറയുന്നു. മർദനത്തിന്റെ പാടുകളുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച ചെട്ടികാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ പറയുന്നു.
വിദ്യാർത്ഥി പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിയുമായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
Summary: Complaint that a 10th class student was called to the police station and beaten up in Alappuzha Mannancheri
Adjust Story Font
16