മിനിമം മാർക്ക്: നടപ്പിലാക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച്; അശാസ്ത്രീയമെന്ന് അധ്യാപകർ
ജില്ലാതലത്തിൽ വിദ്യാഭ്യാസ ഓഫീസർമാർക്കാണ് പഠന പിന്തുണാ ക്ലാസുകൾ നടത്താനുള്ള ചുമതല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മിനിമം മാർക്ക് രീതി നടപ്പിലാക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച്. മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളുടെ പഠന പിന്തുണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടം ഉണ്ടാകണം എന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. മിനിമം മാർക്ക് രീതി അശാസ്ത്രീയമാണ് എന്നും അടിസ്ഥാനഘട്ടം മുതലുള്ള സമീപനത്തിൽ മാറ്റം കൊണ്ടുവരികയാണ് വേണ്ടത് എന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം അധ്യാപകർ രംഗത്ത് വന്നിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസത്തിൻറെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വർഷം മുതൽ എട്ടാം ക്ലാസിൽ മിനിമം മാർക്ക് സംവിധാനം കൊണ്ടുവരുന്നത്. ഇത് പ്രകാരം 30% മാർക്ക് കിട്ടാത്തവർക്ക് പ്രത്യേക പഠന പിന്തുണയും വീണ്ടും പരീക്ഷയും നടത്തും. ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പഠന പിന്തുണ പ്രവർത്തനങ്ങളുടെ പുരോഗതിയും ഫലപ്രാപ്തിയും തദ്ദേശ സ്വയം സ്ഥാപനങ്ങൾ വിലയിരുത്തണം. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ യോഗങ്ങളിൽ വിഷയം അവലോകനം ചെയ്യണം. പഠന പ്രവർത്തനങ്ങൾക്കും പരീക്ഷ നടത്തിപ്പിനും തദ്ദേശസ്ഥാപനങ്ങളുടെ സഹായം ഉറപ്പാക്കണമെന്നും മാർഗരേഖയിലുണ്ട്. പക്ഷേ പുതിയ പരീക്ഷണത്തിൽ ഒരു വിഭാഗം അധ്യാപകർക്ക് എതിർപ്പുണ്ട്. എട്ടാം ക്ലാസിൽ മാത്രമല്ല ചെറിയ ക്ലാസുകൾ മുതൽക്കേ ഏകീകൃത സിലബസ് കൊണ്ടുവരണമെന്ന് ഇവർ ആവശ്യപ്പെടുന്നു
ജില്ലാതലത്തിൽ വിദ്യാഭ്യാസ ഓഫീസർമാർക്കാണ് പഠന പിന്തുണ ക്ലാസുകൾ നടത്താനുള്ള ചുമതല. DDE, ഡയറ്റ്, DEO, ജില്ലാ മിഷൻ കോഡിനേറ്റർ എന്നിവർ സ്കൂളുകൾ സന്ദർശിച്ച് പഠന പിന്തുണ പ്രവർത്തനങ്ങൾ വിലയിരുത്തണം. സന്ദർശന വേളയിൽ നിശ്ചിത എണ്ണം ഉത്തര പേപ്പറുകൾ പരിശോധിച്ചു മൂല്യനിർണയ രീതി കൃത്യമാണെന്ന് ഉറപ്പുവരുത്തണം. പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം പുരോഗതി അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണമെന്നും മാർഗരേഖയിൽ ഉണ്ട്.
Adjust Story Font
16