ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഈ മാസം വിതരണം ചെയ്യുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ
അപേക്ഷകൾ പരിശോധിച്ച് വരുന്നതിനാലാണ് ഫണ്ട് വിതരണം വൈകിയതെന്നും മന്ത്രി മീഡിയവണിനോട്
കൊച്ചി: ന്യൂനപക്ഷ ക്ഷേമബോർഡിന് കീഴിലുള്ള പദ്ധതികളുടെ ഫണ്ട് വിതരണം വൈകിയെന്ന മീഡിയവൺ വാർത്ത ശരിവെച്ച് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി.അബ്ദുറഹ്മാൻ. അപേക്ഷകൾ പരിശോധിച്ച് വരുന്നതിനാലാണ് ഫണ്ട് വിതരണം വൈകിയത്. ബോർഡിന് കീഴിലുള്ള സ്കോളർഷിപ്പുകൾ ഈ മാസം വിതരണം ചെയ്യുമെന്നും ഫണ്ട് നഷ്ടമാവില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ ഇഴയുന്നുവെന്ന് ആസൂത്രണ ബോർഡിന്‍റെ കണക്കുകൾ തെളിയിക്കുന്നു. ന്യൂനപക്ഷ ക്ഷേമത്തിനായി മൈനോറിറ്റി വെൽഫെയർ ഡയറക്ടറേറ്റിന് കീഴിലെ ബജറ്റിൽ 63.01 കോടി വകയിരുത്തിയതിൽ ഇതുവരെ ചെലവാക്കിയത് 2.79 ശതമാനം മാത്രമാണ്.
ആകെ 13 പദ്ധതികളാണ് മൈനോരിറ്റി വെൽഫെയർ ഡയറക്ടറേറ്റിന് കീഴിലുള്ളത്. ആസൂത്രണ ബോർഡ് കണക്ക് പ്രകാരം ഇതിൽ പത്തു പദ്ധതികൾക്ക് ഒരു രൂപ ചെലവാക്കിയിട്ടില്ല. പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ കുട്ടികൾക്ക് സ്കോളർഷിപ്പിന് 6.52 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ഇതില്‍ ഒരു രൂപ പോലും നൽകിയില്ല. ഇതിന് പുറമേ നഴ്സിങ് ഡിപ്ലോമ, പാര മെഡിക്കൽ കോഴ്സിന് പഠിക്കുന്നവർക്ക് സ്കോളർഷിപ്പ്, സി.എ, ഐ.സി.ഡബ്യൂ.എ കോഴ്സിനുള്ള സഹായം, മൈനോരിറ്റി റിസര്ച്ച് ഇന്സിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസ സഹായ പദ്ധതികളും ഒരിഞ്ച് മുന്നോട്ടുനീങ്ങിയിട്ടില്ല.
മുസ്‍ലിം സ്ത്രീകൾക്ക് പ്രീ മാരിറ്റൽ കൗൺസിലിങ്, കുടിവെള്ള പദ്ധതി തുടങ്ങിയവയും പ്രഖ്യാപനത്തില്‍ ഒതുങ്ങി. വകുപ്പിന്റെ ആധുനികവത്കരണം വരെയുള്ളവയുടെ സ്ഥിതിയും സമാനമാണ്. കരിയർ ഗൈഡൻസ് പ്രോഗ്രാം വകയിരുത്തിയതില്‍ 1.67 ശതമാനം തുക മാത്രമാണ് ഇതുവരെ നൽകിയത്.
ഡിപ്ലോമ കോഴ്സിന് 82 ലക്ഷം അനുവദിച്ചതിൽ 84 ശതമാനം തുകയും ചെലവഴിച്ചിട്ടുണ്ട്. മൈനോരിറ്റി വിഭാഗത്തിൽ വിവാഹബന്ധം ഉപേക്ഷിച്ച സ്ത്രീകൾക്കായുള്ള ഹൗസിങ് പദ്ധതിക്കും കുറച്ചെങ്കിലും പണം നൽകാൻ തയാറായി. അഞ്ചു കോടി ബജറ്റിൽ വകയിരുത്തിയ പദ്ധതിക്ക് ഇതുവരെ നൽകിയത് ഒരു കോടി രൂപയാണ്.
Adjust Story Font
16