ഉന്നതരുടെ പട്ടികയില്‍ മന്ത്രി, ഡിഐജി, മുന്‍ ഡിജിപി, സൂപ്പര്‍സ്റ്റാര്‍, എംപി, നടിമാര്‍...; ചെറിയ മീനല്ല മോന്‍സണ്‍
മോഹന്‍ലാലിനു പുറമെ ചലച്ചിത്രമേഖലയില്‍നിന്ന് ശ്രീനിവാസന്‍, ടോവിനോ തോമസ്, നവ്യാ നായര്‍, മംമ്ത മോഹന്‍ദാസ്, പേളി മാണി തുടങ്ങിയവര്‍ക്കൊപ്പമെല്ലാമുള്ള മോന്‍സന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല
പുരാവസ്തു വില്‍പനക്കാരനായി ചമഞ്ഞ് കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ നിമിഷവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി അടുത്ത ബന്ധമുള്ളയാളാണെന്നായിരുന്നു തട്ടിപ്പ് പുറത്തായതിനു പിറകെ വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍, സുധാകരനും അപ്പുറം സംസ്ഥാനഭരണം വരെ എത്തിനില്‍ക്കുന്ന ഉന്നതങ്ങളിലാണ് മോന്‍സണ് പിടിപാടുള്ളതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഡിഐസി സുരേന്ദ്രന്‍, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, അഹ്‌മദ് ദേവര്‍കോവില്‍, ട്രാഫിക് ഐജി ജി ലക്ഷ്മണ, നടന്മാരായ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ടോവിനോ തോമസ്, നടിമാരായ നവ്യാ നായര്‍, മംമ്ത മോഹന്‍ദാസ്, കോണ്‍ഗ്രസ് നേതാക്കളായ ലാലി വിന്‍സന്റ്, ഹൈബി ഈഡന്‍ എംപി... മോന്‍സണ്‍റെ 'രാജസിംഹാസനത്തിലി'രിക്കുകയും ഒപ്പം ഫോട്ടോക്ക് നിന്നുകൊടുക്കുകയും ചെയ്ത പ്രമുഖരുടെ പട്ടിക നീളുകയാണ്. പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വച്ചാണ് മോന്‍സണ്‍റെ തട്ടിപ്പുകളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉന്നതങ്ങളില്‍ പിടിപാടുള്ളയാളാണെന്ന് ഇടപാടുകാരെ ബോധിപ്പിക്കാനാണ് ഈ ബന്ധങ്ങളും ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇയാള്‍ ഉപയോഗിക്കുന്നത്.
ഇപ്പോള്‍ പരാതിക്കാരായ യാക്കൂബ് എന്നയാള്‍ മോന്‍സണ് 25 ലക്ഷം കൈമാറിയത് ഡിഐജി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. അനൂപ് എന്നയാള്‍ പത്തു വര്‍ഷം മുന്‍പ് 25 ലക്ഷം രൂപ കൈമാറിയത് കെ. സുധാകരന്റെ സാന്നിധ്യത്തിലും. കിട്ടാനുള്ള വന്‍തുക മുടങ്ങിയപ്പോഴും സുധാകരനെവച്ചായിരുന്നു ഇയാള്‍ ഇടപാടുകാരെ പിരിച്ചുവിട്ടത്. വിദേശത്ത് നടത്തിയ പുരാവസ്തു വസ്തുക്കളുടെ വില്‍പനയില്‍ കിട്ടാനുള്ള തുക രാജ്യത്തെത്തിക്കാന്‍ സാങ്കേതികക്കുരുക്ക് നിലനില്‍ക്കുന്നുണ്ടെന്നും ഇത് നീക്കാന്‍ സുധാകരന്‍ ഇടപെടുന്നുണ്ടെന്നുമായിരുന്നു പ്രതി ഇവരെ വിശ്വസിപ്പിച്ചത്.
കേസുകളില്‍ സംരക്ഷകനായത് ഐജി ലക്ഷ്മണ?
മോന്‍സണിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ട്രാഫിക് ഐജി ലക്ഷ്മണ. മോന്‍സണ്‍ അറസ്റ്റിലാകുന്ന ദിവസവും കൂടെ സന്ദര്‍ശകനായി ലക്ഷ്മണയുണ്ടായിരുന്നു. മകളുടെ നിശ്ചയചടങ്ങില്‍ വച്ചാണ് മോന്‍സണ്‍ പിടിയാലാകുന്നത്. ഈ സമയത്ത് ഇവിടെ ലക്ഷ്മണയ്ക്ക് പുറമെ വേറെയും പ്രമുഖ പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം.
നേരത്തെയും വിവിധ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ലക്ഷ്മണയായിരുന്നു മോണ്‍സനെ സംരക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി കേസുകളില്‍ ലക്ഷ്മണ ഇടപെട്ടതിന്റെ ഇ-മെയില്‍ വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷ്മണ ഇടപെട്ടത്. കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസന്വേഷണം തിരിച്ച് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ ലക്ഷ്മണ ഉത്തരവിറക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഇ-മെയില്‍ വിവരങ്ങള്‍ മോന്‍സണ്‍ തന്നെയാണ് ഇടപാടുകാരെ കാണിച്ചത്.
സിംഹാസനത്തിലിരുന്നവര്‍ ചില്ലറക്കാരല്ല!
വീട്ടില്‍ വിളിച്ചുവരുത്തി സല്‍ക്കരിച്ചാണ് ഭരണരംഗത്തും രാഷ്ട്രീയ, കലാ, സാംസ്‌കാരിക രംഗങ്ങളിലുമുള്ള ഉന്നതരെ മോന്‍സണ്‍ പാട്ടിലാക്കുന്നത്. പ്രമുഖരെ വീട്ടിലേക്കു വിളിച്ചുവരുത്തും. എന്നിട്ട് വീട്ടിലെ വിവിധ ഫര്‍ണിച്ചറുകളും സാധനസാമഗ്രികളും കാണിച്ച് കോടികള്‍ വിലമതിക്കുന്ന പുരാവസ്തുക്കളാണെന്നു വിശ്വസിപ്പിക്കും. അങ്ങനെ മോന്‍സണ്‍റെ വീട്ടിലുള്ള 'ടിപ്പുവിന്റെ സിംഹാസന'ത്തില്‍ ഇരുന്നവരില്‍ പ്രമുഖനാണ് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തൊട്ടടുത്ത് ഉടവാളുമായി നില്‍ക്കുന്ന എഡിജിപി മനോജ് എബ്രഹാമിനെയും ചിത്രങ്ങളില്‍ കാണാം.
ടിപ്പുവിന്റെ സിംഹാസനത്തിനു പുറമെ, മോശയുടെ വടി, യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശില്‍ രണ്ടെണ്ണം, രാജാക്കന്മാരുടെ വാളുകളും മോതിരങ്ങളും, മുഹമ്മദ് നബിയുടെ വിളക്ക്... അങ്ങനെ ശതകോടികള്‍ 'വിലപിടിപ്പുള്ള' മോന്‍സണ്‍റെ പുരാവസ്തുശേഖരത്തിലെ പട്ടിക നീളുകയാണ്. ഇതെല്ലാം കാണിച്ചാണ് മോന്‍സണ്‍ ഉന്നതരെയും സെലിബ്രിറ്റികളെയുമെല്ലാം സ്വന്തക്കാരാക്കുന്നത്. എന്നിട്ട് ഇവര്‍ക്കൊപ്പം ഫോട്ടോയെടുത്ത് അടുത്ത തട്ടിപ്പുകള്‍ക്ക് ആയുധമാക്കുകയും ചെയ്യുന്നു.
സുധാകരന്‍ പത്തുദിവസത്തോളമാണ് മോന്‍സണിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നത്. കോസ്‌മെറ്റിക് ചികിത്സയില്‍ എംഡി ബിരുദമുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ഈ ചികിത്സയുടെ ഭാഗമായായിരുന്നു സുധാകരന്‍ മോന്‍സണിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ലക്ഷ്മണയ്ക്കും സുധാകരനും പുറമെ ഹൈബി ഈഡന്‍, ലാലി വിന്‍സന്റ്, മോന്‍സ് ജോസഫ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഡിഐജി സുരേന്ദ്രന്‍, എസിപി ലാല്‍ ജി തുടങ്ങിയ ഉദ്യോഗസ്ഥരും ജിജി തോംസനെപ്പോലുള്ള മുന്‍ ഉദ്യോഗസ്ഥരുമെല്ലാം മോന്‍സണിന്റെ വീട്ടിലെ സന്ദര്‍ശകരായിരുന്നുവെന്നു പരാതിക്കാര്‍ ആരോപിക്കുന്നുണ്ട്.
ഏറ്റവുമൊടുവില്‍ നടന്‍ ശ്രീനിവാസനും നടി പേളി മാണിയും സിംഹാസനത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലിനു പുറമെ ചലച്ചിത്രമേഖലയില്‍നിന്ന് ടോവിനോ തോമസ്, നവ്യാ നായര്‍, മംമ്ത മോഹന്‍ദാസ് തുടങ്ങി നിരവധി പേര്‍ക്കൊപ്പവുമുള്ള ഇയാളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇവരുമായെല്ലാം മോന്‍സണിന് അടുത്ത ബന്ധമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വരും ദിവസങ്ങളില്‍ മോന്‍സണിന്റെ 'പുരാവസ്തു അധോലോകത്തെ'ക്കുറിച്ചുള്ള കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നുറപ്പാണ്.
Adjust Story Font
16