നെല്ല് സംഭരണവില വിതരണം; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി ജി.ആർ അനിൽ
നെല്ല് സംഭരിച്ചതിന്റെ വില വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
തിരുവനന്തപുരം: കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ. സമീപദിവസങ്ങളിൽ ഉണ്ടായ ചർച്ചയിൽ ഇതുസംബന്ധമായ വസ്തുതകൾ പൂർണമായി ഗ്രഹിക്കാതെയുള്ള പരാമർശങ്ങളുണ്ടായതെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം രാഷ്ട്രീയപ്രേരിതമായ കുപ്രചാരണങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയർന്നുവരുന്നുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
വാർത്താക്കുറിപ്പിന്റെ പൂർണരൂപം:
എന്താണ് നെല്ല് സംഭരണ പദ്ധതി?
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹകരിച്ചു നടപ്പാക്കുന്ന ഒന്നാണ് വികേന്ദ്രീകൃത ധാന്യസംഭരണപദ്ധതി. പൊതുവിപണിയിൽ അരിയുടെയും ഗോതമ്പിന്റെയും വില താഴ്ത്തി ഇടനിലക്കാർക്ക് കർഷകരെ ചൂഷണം ചെയ്യാൻ കഴിയാത്തവിധമുള്ള ഒരു സംരക്ഷണകവചമാണ് താങ്ങുവില അഥവാ എം.എസ്.പി. (Minimum Support Price) ഇതൊരു കുത്തകസംഭരണമല്ല. പല സംസ്ഥാനങ്ങളിലും നെല്ല് പൂർണമായി സർക്കാർ സംഭരിക്കുന്നില്ല. കർഷകർക്ക് പൊതുവിപണിയിൽ നെല്ല് വിൽക്കുന്നതിന് ഈ പദ്ധതി ഒരു വിലക്കും ഏർപ്പെടുത്തുന്നില്ല. എന്നാൽ രാജ്യത്തേറ്റവും വിജയകരമായി പദ്ധതി നടപ്പാക്കുന്ന കേരളത്തിൽ കർഷകർ നൽകുന്ന ഒരു മണി നെല്ല് ഒഴിയതെ സംഭരിക്കുന്നു. കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവിലയായ 20 രൂപ 40 പൈസ്‌ക്കൊപ്പം സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ്സായ ഏഴ് രൂപ 80 പൈസയും കൂടി ചേർത്ത് ലഭിക്കുന്ന 28 രൂപ 20 പൈസ രാജ്യത്തെ ഏറ്റവും ഉയർന്ന വിലയാണ്.
ഇപ്രകാരം സംഭരിക്കുന്ന നെല്ല് സംസ്‌കരിച്ച് അരിയാക്കി റേഷൻകടകൾ വഴി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതമായി അനുവദിക്കുന്ന ഭക്ഷ്യധാന്യത്തിൽ ഇത് കിഴിച്ചുള്ള ഭാഗമാണ് എഫ്.സി.ഐ യിൽ നിന്നും പൊതുവിതരണത്തിനായി റേഷൻകടകളിൽ എത്തിക്കുന്നത്. സംഭരിച്ച നെല്ല് അരിയാക്കി റേഷൻകടകൾ വഴി വിതരണം ചെയ്തതിന് ശേഷം മാത്രമേ താങ്ങുവില ലഭിക്കാനുള്ള ക്ലെയിം കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വ്യവസ്ഥയുള്ളു. ഈ തുക ലഭിക്കുമ്പോൾ ശരാശരി നെല്ലെടുത്ത് ആറുമാസം വരെ കാലതാമസമുണ്ടാകാറുണ്ട്.
കർഷകർക്ക് സപ്ലൈകോ ഉടൻ വില നൽകിവന്നതെങ്ങനെ?
കർഷകരിൽനിന്ന് ഇപ്രകാരം സംഭരിക്കുന്ന നെല്ല് സംസ്‌കരിച്ച് വിതരണയോഗ്യമായി അരിയാക്കി റേഷൻകടകളിൽ എത്തിക്കുന്ന നോഡൽ ഏജൻസിയായി കേരളത്തിൽ തീരുമാനിച്ചത് സപ്ലൈകോയെയാണ്. ഈ ജോലി മികച്ച നിലയിൽതന്നെ സപ്ലൈകോ നിർവ്വഹിച്ചുവരുന്നു. സർക്കാരിൽനിന്ന് സംഭരണവില ലഭ്യമാക്കാൻ വരുന്ന കാലതാമസം മൂലം കർഷകർക്കുണ്ടാകുന്ന പ്രയാസം മറികടക്കാനാണ് പി.ആർ.എസ് വായ്പാ പദ്ധതി സപ്ലൈകോ ബാങ്കുകളുമായി ചേർന്ന് നടപ്പിലാക്കിയത്. ഇതു പ്രകാരം നെല്ല് അളന്നെടുക്കുമ്പോൾ കർഷകന് നൽകുന്ന പാഡി റസീപ്റ്റ് ഷീറ്റ് ഈടായി സ്വീകരിച്ച് ബാങ്കുകൾ വായ്പ നൽകുന്നു. വ്യക്തിഗത വായ്പയുടെ നടപടിക്രമങ്ങളിലൂടെ കർഷകന് കടന്നു പോകേണ്ടി വരുമെങ്കിലും നെല്ലു സംഭരിച്ച ഉടൻ വില ലഭ്യമാക്കുന്നു. വായ്പ തുക പലിശ സഹിതം സപ്ലൈകോ അടച്ചു തീർത്തുവരികയും ചെയ്തു പോരുകയായിരുന്നു.
ഇപ്പോഴുണ്ടായ പ്രയാസത്തിന്റെ കാരണമെന്ത്?
സംഭരിച്ച നെല്ല് സംസ്‌കരിച്ച് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തതിന് ശേഷം അതിന്റെ കണക്കുകൾ അനുരജ്ഞനപ്പെടുത്തുന്നത് ഒരു സാങ്കേതികപ്രക്രിയയാണ്. ഇതിലുണ്ടാകുന്ന സ്വാഭാവികകാലതാമസം മൂലം കേന്ദ്രവിഹിതം ലഭിക്കാൻ വൈകുകയും തത്ഫലമായി സപ്ലൈകോയ്ക്ക് ബാങ്കുകളിലെ കർഷകവായ്പകൾ സമയബന്ധിതമായി അടച്ചുതീർക്കാൻ കഴിയാതെ വരികയും ഇത് കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ സപ്ലൈകോ വർക്കിങ് ക്യാപ്പിറ്റൽ ലോണെടുത്ത് കർഷകരുടെ വായ്പാ ബാധ്യത ഒഴിവാക്കിക്കൊണ്ട് തിരിച്ചടവ് പൂർത്തിയാക്കി. തുടർന്ന് നെല്ലുസംഭരണവില നൽകുന്നതിന് പി.ആർ.എസ് വായ്പകൾ നൽകുന്നതിന് വിമുഖത കാണിക്കുന്ന സമീപനമാണ് ബാങ്കുകൾ സ്വീകരിച്ചത്. സർക്കാർ നിരന്തരമായി ഇടപെട്ടുകൊണ്ട് എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയടങ്ങിയ കൺസോർഷ്യത്തിൽ നിന്ന് വായ്പ ലഭ്യമാക്കി ഭൂരിപക്ഷം കർഷകർക്കും തുക നൽകി. എന്നാൽ മുഴുവൻ പേർക്കും കൊടുത്തു തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇതിനെ മറികടക്കാനും സത്വര നടപടികൾ സ്വീകരിച്ചു.
താങ്ങുവില ഇനത്തിൽ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭ്യമാകാനുള്ള കുടിശ്ശിക 637.7 കോടി രൂപയാണ്. ഈ തുക ലഭ്യമായിരുന്നെങ്കിൽ കർഷകർക്ക് യഥാസമയം പണം നൽകുവാൻ സംസ്ഥാന സർക്കാരിന് ബാങ്കുകളെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നില്ല. ഈ കുടിശ്ശിക ലഭിക്കുന്നതിനു വേണ്ടി നിരവധി തവണ കേരള സർക്കാർ കത്തുകൾ ആയക്കുകയും ഉദ്യോഗസ്ഥതലത്തിലും മന്ത്രി തലത്തിലും ഇടപെടുകയും ചെയ്‌തെങ്കിലും കേന്ദ്രത്തിൽ നിന്നും അനുകൂലമായ സമീപനമുണ്ടായില്ല. ഈ ഘട്ടത്തിലൊന്നും ഇപ്പോൾ കർഷക പ്രേമവുമായി വന്നിരിക്കുന്ന യു.ഡി.എഫ് എം.പി മാരൊന്നും ഇതിനായി ഒരു ചെറുവിരൾ പോലും അനക്കിയില്ല.
ഇപ്പോഴത്തെ സ്ഥിതി എന്ത്?
2022-23 സീസണിൽ ആകെ ശേഖരിച്ച 7.31 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ വിലയായി 2070.71 കോടി രൂപയാണ് നൽകേണ്ടിയിരുന്നത്. അതിൽ 1820.71 കോടി രൂപ വിതരണം നടത്തികഴിഞ്ഞിട്ടുള്ളതാണ്. ബാങ്ക് വായ്പ ലഭിക്കാൻ കാലതാമസം നേരിട്ട സാഹചര്യത്തിൽ സർക്കാർ അനുവദിച്ച 180 കോടി രൂപയിൽ നിന്ന് 50,000 രൂപ വരെ കിട്ടാനുള്ള ചെറുകിടകർഷകരുടെ മുഴുവൻ തുകയും കൊടുത്തു തീർക്കുകയും അവശേഷിച്ച കർഷകരുടെ അക്കൗണ്ടിലേയ്ക്ക് അവർക്ക് ലഭിക്കാനുള്ള തുകയുടെ 28 ശതമാനം വീതം ക്രഡിറ്റ് ചെയ്യുകയും ചെയ്തു. ഓണത്തിന് മുമ്പ് ഈ പ്രക്രിയ പൂർത്തിയായി. ശേഷിച്ച തുക വായ്പയായി നൽകുന്നതിന് എസ്.ബി.ഐ, കാനറാ ബാങ്കുകളുമായി ധാരണാപത്രം ഒപ്പിടുകയും വിതരണമാരംഭിക്കുകയും ചെയ്തു. ഓണത്തിനു മുമ്പ് തന്നെ മുഴുൻ തുകയും കർഷകർക്ക് ലഭിക്കുവാനുള്ള എല്ലാ നടപടികളും കേരള സർക്കാർ സ്വീകരിച്ചു. കാനറാ ബാങ്ക് നല്ല നിലയിൽ സഹകരിച്ചെങ്കിലും എസ്.ബി.ഐ യുടെ വായ്പ വിതരണത്തിന്റെ വേഗത നിരാശാജനകമാണ്. കാനറാ ബാങ്ക് 4000 ഓളം കർഷകർക്കായി 38.32 കോടി രൂപ വിതരണം ചെയ്തപ്പോൾ 100 ൽ താഴെ കർഷകർക്കായി കേവലം 42 ലക്ഷം രൂപയാണ് എസ്.ബി.ഐ വിതരണം ചെയ്തിട്ടുള്ളത്.
യാഥാർത്ഥ്യങ്ങൾ കാണേണ്ടേ?
രാജ്യമെങ്ങും കർഷകർ ദുരവസ്ഥയിലാണ്. വിപണി കേന്ദ്രീകൃതമായ ഉദാരവത്ക്കരണനയങ്ങൾ, അന്തർദേശീയ വ്യാപാര-വാണിജ്യകരാറുകൾ, സഹായ പദ്ധതികളിൽ നിന്നുള്ള സർക്കാർ പിൻമാറ്റങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇതിനുണ്ട്. ഈ പൊതുചിത്രത്തിൽ നിന്നും കേരളത്തിന് പൂർണ്ണമായും മാറി നില്ക്കുക സാധ്യമല്ല. എന്നാൽ കർഷകർക്ക് പിന്തുണയും സമാശ്വാസവും നൽകുന്ന കാര്യത്തിൽ രാജ്യത്ത് മുൻപന്തിയിൽ തന്നെയാണ് കേരള സർക്കാർ. ഇക്കാര്യം ഏവർക്കും അറിയുന്നതാണ്.
വസ്തുതകൾ മനസിലാക്കാതെ വിമർശിക്കുന്നവരോട് നമുക്ക് സംവാദമാകാം. എന്നാൽ മനപ്പൂർവം കുപ്രചാരണം അഴിച്ചുവിടുന്നവരോട് എന്ത് പറയാൻ? കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുന്ന സമീപനത്തിനെതിരെ ഒരുമിച്ച് നിന്ന് ശബ്ദമുയർത്താൻ ഒരു യു.ഡി.എഫ് എം.പി പോലുമില്ലാത്തത് എന്തുകൊണ്ട്? കേരളത്തിന്റെ തനതുനികുതിവരുമാനം 12.6 ശതമാനം വർധിച്ചിട്ടുപോലും റവന്യുവരുമാനം ഈ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ 16.2 ശതമാനം കുറഞ്ഞത് കേന്ദ്ര ഗ്രാന്റിൽ 82 ശതമാനം കുറവുവന്നതുകൊണ്ടല്ലേ? സംസ്ഥാനത്തിന്റെ വിഭവസാധ്യതകൾ തടയുകയും കടമെടുപ്പുപരിധി കുറ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കാനുള്ള ശക്തി കുറയുകയില്ലേ? ബാങ്കിങ് നയത്തിലും ജനവിരുദ്ധസമീപനങ്ങൾക്ക് പ്രാമുഖ്യം കിട്ടുകയും സ്വകാര്യവത്ക്കരണനയങ്ങൾ ശക്തിപ്പെടുകയും ചെയ്യുന്നതുമൂലമല്ലേ ജനങ്ങളുടെ ഏറ്റവും ന്യായമായ ആവശ്യങ്ങൾക്ക് നേരെ കർക്കശ സമീപനം ബാങ്ക് മാനേജ്‌മെന്റുകൾ കൈക്കൊള്ളുന്നത്? പരമ്പരാഗതമായി മലയാളിയുടെ സ്വന്തം ബാങ്കായിരുന്ന എസ്.ബി.ടി യെ ഇല്ലാതാക്കി എസ്.ബി.ഐ യിൽ ലയിപ്പിച്ചത് കേരളത്തിന്റെ വായ്പാലഭ്യതാസാധ്യതകളെ പ്രതികൂലമായി ബാധിച്ചിട്ടില്ലേ? ഇതെല്ലാം കേരളീയ സമൂഹം സഗൗരവം ചർച്ച ചെയ്യേണ്ട സന്ദർഭം കൂടിയാണ് ഇത്.
ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. ചലച്ചിത്ര നടൻ ജയസൂര്യ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വസ്തുതാവിരുദ്ധമാണ്. അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദ് കോട്ടയം ജില്ലയിൽ പായിപ്പാട് കൃഷിഭവന് കീഴിൽ കൊല്ലത്ത് ചാത്തൻങ്കേരി പാടശേഖരത്തെ 1.87 ഏക്കർ കൃഷി ഭൂമിയിൽ വിളയിച്ച 5568 കിലോഗ്രാം നെല്ല് സപ്ലൈകോ സംഭരിച്ചിട്ടുള്ളതും അതിന്റെ വിലയായ 1.57 ലക്ഷം രൂപ ജൂലൈ മാസത്തിൽ തന്നെ എസ്.ബി.ഐ മുഖേന പി.ആർ.എസ് വായ്പയായി നൽകിയിട്ടുള്ളതുമാണ്.
Adjust Story Font
16