കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തുറന്ന കത്തെഴുതും; സംസ്ഥാനത്തിന്റെ സ്ഥിതി ധരിപ്പിക്കും-ഗണേഷ് കുമാർ
ജോലിക്ക് ഹാജരാകാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സ്ഥിതി സംബന്ധിച്ച് ജീവനക്കാർക്ക് തുറന്ന കത്തെഴുതുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. കേരളത്തിന്റെ ഇന്നത്തെ ധനസ്ഥിതിയും പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നും ധരിപ്പിക്കും. ജോലിക്ക് ഹാജരാകാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
യൂനിയനുകളെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. അവരുമായി സംസാരിച്ച ശേഷം അവർക്കൊരു തുറന്ന കത്തെഴുതും. എല്ലാ ജീവനക്കാർക്കും സോഷ്യൽ മീഡിയ വഴി കത്ത് എത്തിക്കും. അവരുമായി സ്‌നേഹത്തോടെ പോകണമെന്നാണ് ആഗ്രഹിക്കുന്നത്. തൊഴിലാളികളുടെ വിഷമങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട്, ഒരു ജനാധിപത്യ-ഇടതുപക്ഷ സർക്കാരിൽനിന്നു ലഭിക്കാവുന്ന സ്‌നേഹത്തോടെയുള്ള സമീപനമുണ്ടാകും-ഗണേഷ് കുമാർ പറഞ്ഞു.
കൃത്യമായി ജോലി ചെയ്യണം. എല്ലാവരും കൃത്യമായി ജോലിക്ക് ഹാജരാകണം. ജോലിക്കു വരാത്ത ഒരുപാട് പേരുണ്ട്. റൂട്ട് മുടങ്ങുന്ന സ്ഥിതിയുണ്ടാകരുത്. അത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശമ്പളം ഗന്ധുക്കളായി നൽകാമെന്ന കോടതി ഉത്തരവ് ആശ്വാസകരമാണ്. ആദ്യം തന്നെ കൊടുക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. നിവൃത്തിക്കേടുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മുഖ്യമന്ത്രിയുമായി ആലോചിച്ചു കാര്യങ്ങൾ ചെയ്യും. വിഷയങ്ങൾ പരിഹരിച്ചുപോകാനാകുമെന്നാണു പ്രതീക്ഷ. വർഷങ്ങളായുള്ള അനാവശ്യമായ കുരുക്കുകളുണ്ട്. അതെല്ലാം അഴിച്ചുകൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Transport Minister KB Ganesh Kumar will write an open letter to the KSRTC employees about the current financial situation of Kerala and how to solve the problems.
Adjust Story Font
16