മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തെ കുറ്റപ്പെടുത്താനുള്ള ശ്രമം: കേന്ദ്ര സർക്കാറിന്റേത് ചതിപ്രയോഗം -മന്ത്രി എം.ബി. രാജേഷ്
കേരളത്തെ കുറ്റപ്പെടുത്തി ലേഖനങ്ങൾ എഴുതാൻ കേന്ദ്രം വിദഗ്ധരെ സമീപിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലിനിടയാക്കിയത് കേരള സർക്കാരിന്റെ നയങ്ങളാണെന്ന് സ്ഥാപിക്കാൻ ലേഖനങ്ങളും റിപ്പോർട്ടുകളും എഴുതാൻ ശാസ്ത്രജ്ഞരെയും ഗവേഷകരെയും കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ സംസ്ഥാനത്തെ മന്ത്രിമാർ രംഗത്തുവന്നു. കേന്ദ്ര സർക്കാറിന്റേത് ചതിപ്രയോഗമാണെന്ന് മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. മന്ത്രിമാരായ പി. രാജീവും കെ.എൻ. ബാലഗോപാലും കേന്ദ്ര സർക്കാറിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. കേരളത്തെ കുറ്റപ്പെടുത്തി ലേഖനങ്ങളെഴുതാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ നിർദേശപ്രകാരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ഗവേഷകരെ സമീപിച്ചതായി ‘ദി ന്യൂസ് മിനുട്ട്’ ആണ് റിപ്പോർട്ട് ചെയ്തത്.
മന്ത്രി എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊടും ചതി!
കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നൂറുകണക്കിന് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിൽ മനുഷ്യശരീരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. സർവതും നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യർ ദുരിതാശ്വാസ ക്യാമ്പുകളിൽ പകച്ചിരിക്കുകയാണ്. അപ്പോഴും കേന്ദ്ര സർക്കാർ കേരളത്തെ സഹായിക്കുന്നതിന് പകരം, അണിയറയിൽ കൊടും ചതിപ്രയോഗം നടത്തുകയാണ്. അതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ‘ദി ന്യൂസ് മിനുട്ട്’ ഇന്ന് പുറത്തുവിട്ടിട്ടുള്ളത്.
വയനാട് ഉരുൾപൊട്ടലിന്റെ പേരിൽ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളിൽ ലേഖനങ്ങളെഴുതാൻ കേന്ദ്ര സർക്കാരും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചതിന്റെ വിവരങ്ങളാണ് ‘ദി ന്യൂസ് മിനുട്ട്’ പുറത്തുവിട്ടിരിക്കുന്നത്. കേരളസർക്കാരാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങൾ എഴുതണമെന്നാണത്രേ കേന്ദ്രം ആവശ്യപ്പെട്ടത്. എന്തെല്ലാമാണ് എഴുതേണ്ടത് എന്ന വിവരങ്ങളും കേന്ദ്രസർക്കാർ തന്നെ കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ വാദങ്ങൾക്ക് ഒരു ശാസ്ത്രീയ അടിത്തറയുമില്ല, ഇപ്പോഴത്തെ ഉരുൾപൊട്ടലിന് കാരണം കേന്ദ്രം ആരോപിക്കുന്നതുപോലെ ക്വാറികളുടെത് ഉൾപ്പെടെയുള്ള മനുഷ്യ പ്രവർത്തനങ്ങളല്ലെന്നും ശാസ്ത്രജ്ഞന്മാരും വിദഗ്ധരും മറുപടി നൽകിയത്രേ.
കേന്ദ്രത്തിന്റെ ശാസ്ത്രീയമല്ലാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമായ വാദങ്ങൾ ലേഖനങ്ങളായി എഴുതിയാൽ, അതിന് സ്വീകാര്യത കിട്ടില്ലെന്നും വിദഗ്ധർ പറഞ്ഞുവത്രേ. കേന്ദ്രത്തിന്റെ കയ്യിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ ഉണ്ടെങ്കിൽ അത് പുറത്തുവിടുകയാണ് ചെയ്യേണ്ടത്, അതിന് പകരം നിഴൽയുദ്ധം നടത്തുകയല്ല വേണ്ടത് എന്നും ചിലർ തുറന്നടിച്ചതായാണ് ‘ദി ന്യൂസ് മിനുട്ട്’ പറയുന്നത്.
ദുരന്തത്തിൽ ഒരു നാട് വിറങ്ങലിച്ചുനിൽക്കുമ്പോഴാണ് കണ്ണിൽച്ചോരയില്ലാതെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി, നൽകിയ മുന്നറിയിപ്പുകൾ കേരളം അവഗണിച്ചുവെന്ന അവാസ്തവം പാർലമെന്റിൽ പറഞ്ഞത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് രേഖകൾ സഹിതം ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്തു. അപ്പോഴാണ് കള്ളം സ്ഥാപിക്കാൻ ആളുകളെ വിലയ്ക്കെടുക്കാൻ കേന്ദ്രം ശ്രമിച്ചത്.
എത്ര ഹൃദയശൂന്യരാണ് ഇവർ? ഒരു നാട് മുഴുവൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകുന്നതിന് മുൻപ്, ദുരന്തത്തിന് ഇരയായ ജനതയ്ക്ക് എതിരെ ഉപജാപങ്ങളിൽ ഏർപ്പെടാൻ ഇവർക്കല്ലാതെ മറ്റാർക്കാണ് കഴിയുക? പ്രളയം വന്നപ്പോൾ നൽകിയ അരിയ്ക്കും, രക്ഷാപ്രവർത്തനത്തിന് അയച്ച ഹെലികോപ്റ്ററിന്റെ വാടകയുമെല്ലാം കണക്കുപറഞ്ഞ് വാങ്ങിയ ഷൈലോക്കുമാരാണ് ഇവർ. കേരളത്തെ സഹായിക്കാൻ മറ്റു രാജ്യങ്ങൾ മുന്നോട്ടുവന്നപ്പോൾ അത് തട്ടിത്തെറിപ്പിച്ചവരും ഇവരാണ്. ഇവരിൽ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. നാം കരുതിയിരിക്കണം.
വാൽക്കഷ്ണം- ഈ ഞെട്ടിക്കുന്ന വാർത്തയുടെ ഗൌരവം തിരിച്ചറിഞ്ഞ് മലയാള മാധ്യമങ്ങൾ ഒന്നടങ്കം ഈ വിഷയം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാജ്യത്തെത്തന്നെ നടുക്കിയ ഒരു ദുരന്തത്തെ കേരള സർക്കാരിനെതിരായ രാഷ്ട്രീയനീക്കമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ദുഷ്ടലാക്കോടെ ഇടപെട്ടു എന്ന് ഇംഗ്ലീഷ് മാധ്യമമായ ദ ന്യൂസ് മിനിട്ട് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്യുന്നു. പാറമടയുമായി ബന്ധപ്പെട്ട കേരള സർക്കാരിൻ്റെ ‘തെറ്റായ’ നയങ്ങൾ മണ്ണിടിച്ചിലിന് കാരണമായെന്ന തരത്തിൽ ലേഖനങ്ങൾ എഴുതുന്നതിനായി പരിസ്ഥിതി മന്ത്രാലയം, ശാസ്ത്രജ്ഞരെയും ഗവേഷകരെയും അടിയന്തിരമായി അന്വേഷിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന് (PIB) നിന്ന് മൂന്ന് വ്യക്തികളെ ബന്ധപ്പെട്ടിരുന്നുവെന്നും അത്തരം ലേഖനങ്ങൾ എഴുതാൻ തയ്യാറുള്ള ശാസ്ത്രജ്ഞരെയോ ഗവേഷകരെയോ പത്രപ്രവർത്തകരെയോ തേടിയാണ് പിബിഐ ഇവരെ ബന്ധപ്പെട്ടതെന്നും ന്യൂസ് മിനിട്ടിൻ്റെ റിപ്പോർട്ട് പറയുന്നു.
നിരവധി പേർ മരിച്ച ഒരു ദുരന്തവും പലരെയും തിരിച്ചറിയാൻ സാധിക്കാതെ ശരീരഭാഗങ്ങളിൽ ഡി എൻ എ സാമ്പിളിൻ്റെ നമ്പർ എഴുതി അവരെ മണ്ണിലേയ്ക്ക് മടങ്ങാൻ അനുവദിക്കേണ്ടിവരുന്ന ദുഃഖകരമായ സാഹചര്യവും നിൽക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾ എന്നത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തെ എല്ലാത്തരത്തിലും മോശപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുക എന്ന ബിജെപിയുടെ നയമാണ് ഇതിലൂടെ വെളിവാകുന്നത്. റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന ന്യൂസ് മിനിട്ട് അഭിനന്ദനമർഹിക്കുന്നു.
മന്ത്രി പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയാണ് ന്യൂസ്മിനുട്ട് പുറത്തുകൊണ്ടുവന്നത്. കേരള സർക്കാരിന്റെ തെറ്റായ നയമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന രീതിയിൽ പ്രതികരിക്കാൻ പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ വഴി നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചതിന്റെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആധികാരികല്ലാത്ത വിവരങ്ങൾ നൽകി കേരളവിരുദ്ധ ലേഖനങ്ങൾ എഴുതാനും ഇവരോട് ആവശ്യപ്പെട്ട വിവരങ്ങളും റിപോർട്ടിലുണ്ട്- ആരും ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് മന്ത്രി ഭൂപേന്ദ്ർ യാദവ് തന്നെ നുണ പ്രസ്താവനയുമായി ഇറങ്ങിയത്.
ഉരുൾപ്പൊട്ടൽ സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിവുകൾ സഹിതം മാധ്യമങ്ങൾ തുറന്നുകാട്ടിയപ്പോഴാണ് ഈ അധമപ്രവർത്തനം. മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ഭാവിയിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയവും ഈ നീക്കത്തിന് പുറകിലുണ്ട്.
മനുഷ്യ ഇടപെടലുകൾ ഒന്നുമില്ലാത്ത സ്ഥലത്തുണ്ടായ ഉരുൾപ്പൊട്ടൽ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഒരു പാരിസ്ഥിക അനുമതിയുമില്ലാതെ കുന്നുകൾ ഇടിച്ചുനിരത്താനുള്ള കരട് ഉത്തരവ് പുറത്തിറക്കിയ വകുപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയും.
Adjust Story Font
16