കെ.എസ്.ഇ.ബി സമരം സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ആശങ്ക; മന്ത്രി സമരക്കാരുമായി ചർച്ച നടത്തിയേക്കും
കെ.എസ്.ഇ.ബി സമരം അടിയന്തരമായി അവസാനിപ്പിക്കാൻ സിപിഎമ്മിന്റെ ഇടപെടലുണ്ടായിരുന്നു
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ സമരം പരിഹരിക്കാൻ വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടി തിങ്കളാഴ്ച സമരക്കാരുമായി ചർച്ച നടത്തിയേക്കും. സിപിഎം ആവശ്യപ്രകാരമാണ് ചർച്ച. അവധിക്ക് ശേഷം ഓഫീസേഴ്‌സ് അസോസിയേഷൻ സമരം നാളെ പുനരാരംഭിക്കും. പ്രധാന ആവശ്യമായ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും സ്ഥലം മാറ്റിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമരക്കാർ വെറുതെ മഴയും വെയിലും കൊള്ളുന്നു എന്ന ചെയർമാന്റെ ഇന്നലത്തെ ആക്ഷേപത്തിന് ഓഫീസേഴ് അസോസിയേഷൻ മറുപടി നൽകിയിരുന്നു. വെയിലത്തും മഴയത്തുമൊക്കെ പണിയെടുത്തിട്ടാണ് വൈദ്യുതി മേഖല നിലനിൽക്കുന്നതെന്നും ഈ മേഖല തകർക്കാൻ മുന്നോട്ടുവരുന്ന പിന്തിരിപ്പൻമാരെ വെയിലത്തും മഴയത്തും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് പ്രതിരോധിക്കേണ്ടി വന്നാൽ അതിനും മടിയില്ലെന്നും അസോസിയേഷൻ അറിയിച്ചു.
കെ.എസ്.ഇ.ബിയിലെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള സമീപനം ബോർഡ് എടുക്കുന്നില്ലെന്ന് ആരോപിച്ച് മുൻ മന്ത്രി എ.കെ ബാലൻ രംഗത്തെത്തിയിരുന്നു. കെ.എസ്.ഇ.ബിയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മനസ് വെച്ചാൽ പ്രശ്നങ്ങൾ അഞ്ചു മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് എൻജിനീയനായിരുന്ന ജാസ്മിനെ സസ്പെന്റ് ചെയ്തതിൽ യാതൊരു നീതികരണവുമില്ല, തെറ്റായ നടപടിയാണത്, സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ട്രാൻസ്ഫർ ചെയ്ത ബോർഡ് തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ചെയർമാനും ജീവനക്കാരും തമ്മിലുള്ള തർക്കത്തിൽ നിന്നും ബോർഡിന്റെ ഭാഗത്തു നിന്നും കനത്ത അനസ്ഥായാണുണ്ടായതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.എസ്.ഇ.ബി സമരം അടിയന്തരമായി അവസാനിപ്പിക്കാൻ സിപിഎമ്മിന്റെ ഇടപെടലുമുണ്ടായിരുന്നു. സർക്കാരും യൂണിയനും വിട്ടുവീഴ്ച ചെയ്യണമെന്നാണ് പാർട്ടി നിലപാട്. ഇതു സംബന്ധിച്ച് എ.കെ. ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി.
കെ.എസ്.ഇ.ബിയിലെ സമരം സർക്കാരിനേയും മുന്നണിയിയേയും ബാധിക്കുമെന്ന് വിലയിരുത്തിയാണ് പ്രശ്‌നപരിഹാരത്തിന് സിപിഎമ്മും ഇടപെടുന്നത്. യൂണിയൻ നേതാക്കളുടെ സസ്‌പെൻഷൻ റദ്ദാക്കി സ്ഥലം മാറ്റം ഉത്തരവ് പുറത്തിറക്കിയെങ്കിലും സമരം തുടരാനാണ് സി.ഐ.ടിയു തീരുമാനിച്ചത്. ഇതോടെ സിപിഎം നേതാക്കളായ എ.കെ ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായി ചർച്ച നടത്തി.സമരം നീണ്ട് പോകാതെ അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് വൈദ്യുതി മന്ത്രിയോട് നേതാക്കൾ ആവശ്യപ്പെട്ടു. അത് പോലെ പ്രശ്‌നപരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യണമെന്ന് യൂണിയൻ നേതാക്കൾക്കും നിർദേശം നൽകി. എന്നാൽ പ്രശ്‌നപരിഹാര ഫോർമുലയൊന്നും സിപിഎം നേതാക്കൾ മുന്നോട്ട് വച്ചിട്ടില്ല.
കെഎസ്ഇബിയിലെ ജീവനക്കാരുടെ വിവാദ സസ്‌പെൻഷൻ നേരത്തെ പിൻവലിച്ചിരുന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം ജി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി. ഹരികുമാർ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചിരുന്നത്. സുരേഷ് കുമാറിനെ പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റിയപ്പോൾ ഹരികുമാറിന്റെ പ്രൊമോഷൻ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയനായിരുന്ന ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ നേരത്തെ പിൻവലിച്ചിരുന്നു. എന്നാൽ സീതത്തോട് ഡിവിഷനിലേക്ക് അവരെ സ്ഥലം മാറ്റിയിട്ടുണ്ട്. ഇന്ന് ഓൺലൈനായി നടന്ന യോഗത്തിൽ ഇവരുടെ സസ്പെൻഷൻ റദ്ദാക്കാൻ ധാരണയിലെത്തിയിരുന്നു. എന്നാൽ നേരത്തെയുള്ള ഇടത്ത് പോസ്റ്റിങ് നൽകാനാവില്ലെന്ന് ബോർഡ് അറിയിച്ചിരുന്നു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ അടക്കമുള്ള സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായിരുന്നത്. 15 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം, അച്ചടക്ക നടപടി തുടരും എന്നീ കർശന ഉപാധികളോടെയാണ് ജാസ്മിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്. എന്നാൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജാസ്മിൻ ബാനു പറഞ്ഞു. കോടതി പറഞ്ഞതിന് വിരുദ്ധമായിട്ടാണ് സ്ഥലം മാറ്റമെന്ന് അവർ കുറ്റപ്പെടുത്തി.
minister may hold discussions with the KSEB protesters
Adjust Story Font
16