Quantcast

എം.വി ​ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി

സി.പി.എം സംസ്ഥാന സമിതി യോ​ഗത്തിലാണ് തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2022-08-28 10:36:30.0

Published:

28 Aug 2022 7:50 AM GMT

എം.വി ​ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി
X

തിരുവനന്തപുരം: അനാരോ​ഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രിയും മുതിർന്ന നേതാവുമായ എം.വി ​ഗോവിന്ദനെ തെരഞ്ഞെടുത്തു. സി.പി.എം സംസ്ഥാന സമിതി യോ​ഗത്തിലാണ് തീരുമാനം.

'സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തതുകൊണ്ട് എ.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം തെരഞ്ഞെടുത്തു'- സി.പി.എം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇതോടെ ​ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും.അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പിലേക്ക് പുതിയ ആളെ കണ്ടെത്തുകയോ മറ്റൊരാൾക്ക് ചുമതല നൽകുകയ ചെയ്യേണ്ടിവരും.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കണ്ണൂരിൽ നിന്നുള്ള നേതാവിനെ തന്നെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്.

എം.വി ഗോവിന്ദന്‍, എം.എ ബേബി, എ വിജയരാഘവന്‍, പി രാജീവ് എന്നിവരുടെ പേരുകളാണ് ഉയർന്നുകേട്ടതെങ്കിലും അവസാനം ​ഗോവിന്ദന് നറുക്ക് വീഴുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.

സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ എം.വി ഗോവിന്ദന്‍ 1970ലാണ് പാര്‍ട്ടി അംഗമായത്. ഡി.വൈ.എഫ്.ഐ സ്ഥാപക അംഗം, ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1996ലലും 2001ലും കേരളാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002-2006 കാലയളവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. എറണാകുളം ജില്ലാ സെക്രട്ടറിയായും ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

2021ലെ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി പദത്തിലേക്ക് എത്തുകയായിരുന്നു. മന്ത്രിസ്ഥാനത്തില്‍ ഒന്നേകാല്‍ വര്‍ഷം പിന്നിടുമ്പോഴാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയാവുന്നത്.

TAGS :

Next Story