'ഞങ്ങളെ വിമർശിച്ചോട്ടെ, പക്ഷേ കുട്ടികളെ വേദനിപ്പിക്കരുത്': പരീക്ഷാ ഫല ട്രോളുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫല പ്രഖ്യാപനത്തിനിടെയാണ് മന്ത്രി ട്രോളുകള്‍ക്കെതിരെ രംഗത്തുവന്നത്
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ട്രോളുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എസ്.എസ്.എൽ.സിയ്ക്ക് മികച്ച പരീക്ഷാ ഫലമായിരുന്നു. പരീക്ഷ ജയിച്ച കുട്ടികളെ ആക്ഷേപിക്കരുത്. കുട്ടികൾക്ക് മാനസികമായി പ്രയാസം ഉണ്ടാക്കുന്ന തമാശകൾ പാടില്ല. ട്രോളുകളില്‍ ഒരുപാട് കുട്ടികൾ പരാതി പറഞ്ഞിരുന്നു. ഞങ്ങളെ വിമർശിച്ചോട്ടെ, പക്ഷേ കുട്ടികളെ വേദനിപ്പിക്കരുതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
തമാശ നല്ലതാണ്. അത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യവുമാണ്. പക്ഷേ കുട്ടികളുടെ മനോവീര്യം തകര്‍ക്കുകയും മാനസികമായി ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്ന ചില തമാശകളും ട്രോളുകളും ഒഴിവാക്കണം. നമ്മുടെ കുട്ടികളാണെന്ന ബോധം നമ്മളെല്ലാവര്‍ക്കും വേണമെന്നും അവരെ വേദനിപ്പിക്കരുതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫല പ്രഖ്യാപനത്തിനിടെയാണ് മന്ത്രി ട്രോളുകള്‍ക്കെതിരെ രംഗത്തുവന്നത്. പ്ലസ് ടുവില്‍ 87.94 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 85.13 ശതമാനമായിരുന്നു. സയന്‍സ് വിഭാഗത്തില്‍ 90.52 പേരാണ് യോഗ്യത നേടിയത്. ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ 80.4 ശതമാനം പേരും കൊമേഴ്സ് വിഭാഗത്തില്‍ 89.13 ശതമാനം പേരും യോഗ്യത നേടി. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിലും (91.11%) കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിലുമാണ് (82.53%). 48383 പേരാണ് ഇത്തവണ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 18510 പേര്‍ക്കായിരുന്നു എ പ്ലസ്. പുനർമൂല്യനിർണയത്തിനും സേ പരീക്ഷക്കും ഈ മാസം 31 വരെ അപേക്ഷിക്കാം. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 47721 പേര്‍ ഓപ്പൺ സ്‌കൂളില്‍ പരീക്ഷ എഴുതിയപ്പോള്‍ 25292 പേർ വിജയിച്ചു. 53 ശതമാനമാണ് ഓപ്പൺ സ്‌കൂളിന്‍റെ വിജയം.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്:
നമ്മുടെ കുട്ടികള്‍ മിടുക്കന്മാരാണ്. എസ്.എസ്.എല്‍.സിക്ക് നല്ല പരീക്ഷാ ഫലമായിരുന്നു. നമ്മുടെ കുട്ടികളാണെന്ന ബോധം നമ്മളെല്ലാവര്‍ക്കും വേണം. പഠിച്ച് പരീക്ഷ എഴുതിയ കുട്ടികളെ ആക്ഷേപിക്കുന്ന നിലയിലുള്ള സ്ഥിതി വിശേഷമുണ്ടാവാന്‍ പാടില്ല . അത് എന്തിന്‍റെ പ്രശ്നമാണെന്ന് മനസ്സിലാവുന്നില്ല. ''അന്യസംസ്ഥാന തൊഴിലാളിക്ക് എ പ്ലസ് കിട്ടി''......., തമാശ നല്ലതാണ്. അത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യവുമാണ്. പക്ഷേ കുട്ടികളുടെ മനോവീര്യം തകര്‍ക്കുകയും മാനസികമായി ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്ന ചില തമാശകളും ട്രോളുകളും ഒഴിവാക്കണം. അത് ഉദ്പാദിപ്പിച്ചിരുന്നവര്‍ ആസ്വദിച്ചിട്ടുണ്ടാവാം. ഒരുപാട് കുട്ടികള്‍ എനിക്ക് കരഞ്ഞ് കൊണ്ട് പരാതി അറിയിച്ചു. എന്‍റെ അച്ഛനും അമ്മയും കല്ല് പണിക്ക് പോവുന്നവരാണ്, തോട്ടം തൊഴിലാളിയായി പോവുന്നവരാണ്. ഞങ്ങള്‍ നന്നായി പഠിച്ചാണ് എഴുതിയത്. അങ്ങനെയുള്ള ഞങ്ങളെ ഇങ്ങനെ ആക്ഷേപിക്കേണ്ട കാര്യമുണ്ടോ എന്നുള്ളതാണ്. നല്ല ജനാധിപത്യമുള്ളത് കൊണ്ട് എല്ലാ അതിരുകളും കടന്ന്......നമുക്കൊക്കെ എതിരായിട്ട് വന്നോട്ടെ കുഴപ്പമില്ല, നമ്മള് കൊറേ നാളുകളായി കാണുകയും സന്തോഷിക്കുകയും ദുഖിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ നമ്മുടെ കൊച്ചുകുട്ടികളെ വേദനിപ്പിക്കല്ലേ.
Adjust Story Font
16