Quantcast

സമ്പൂർണ പച്ചക്കറി യജ്ഞം പദ്ധതിയിലൂടെ കേരളം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക്: മന്ത്രി പി. പ്രസാദ്

കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് നടപ്പിലാക്കുന്ന കേര പദ്ധതിയിൽ 2365 കോടി രൂപ ലോക ബാങ്ക് സഹായത്തിന് അനുമതി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 Dec 2024 3:30 PM GMT

Minister P Prasad programme
X

കൊല്ലം: 2025 ജനുവരിയിൽ കൃഷിവകുപ്പ് സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന സമ്പൂർണ പച്ചക്കറി യജ്ഞം പദ്ധതിയിലൂടെ അടുത്ത അ‍ഞ്ച് വർഷത്തിനുള്ളിൽ കേരളം പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ചേർന്ന മേഖലാ തല യോഗത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി സമൃദ്ധി പദ്ധതി നിലവിൽ 107 പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തിൽ 500 പഞ്ചായത്തുകളിലേക്കും തുടർന്ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കും. കർഷകരുടെ വ്യക്തിഗതമായ സാമ്പത്തിക ഉന്നമനവും കാർഷിക മേഖലയുടെ പ്രദേശികമായ ഉന്നമനവും കാർഷിക ഉത്പാദനത്തിൽ സ്വയം പര്യാപ്തതയും നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലെ കാർഷിക മേഖലയ്ക്ക് ബഹുദൂരം മുന്നേറാനാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് നടപ്പിലാക്കുന്ന കേര പദ്ധതിയിൽ 2365 കോടി രൂപ ലോക ബാങ്ക് സഹായത്തിന് അനുമതി ലഭിച്ചു. ഘട്ടം ഘട്ടമായി ഈ പദ്ധതി പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കാനാകും. 1980ന് ശേഷം ഇതാദ്യമായാണ് കേരളത്തിൽ കൃഷി വകുപ്പിന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി ലഭിക്കുന്നത് മന്ത്രി കൂട്ടിച്ചേർത്തു. കൃഷി ഭവൻ തലത്തിൽ രൂപീകരിച്ച കൃഷിക്കൂട്ടങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകാരം നൽകുകയും പദ്ധതികളുടെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. കർഷകർക്ക് വേണ്ടി കർഷക ഗ്രാമസഭകൾക്കും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഇതിലൂടെ നമുക്ക് കൃഷിക്കൂട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും ഒരു കൃഷി ഭവന് അഞ്ച് ഉത്പന്നങ്ങൾ എന്നാ തരത്തിൽ കേരളഗ്രോ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾ ജൈവ കാർഷിക മിഷന്റെയും പോഷകസമൃദ്ധി മിഷന്റെയും ഭാഗമായി നടപ്പിലാക്കിവരുന്നത്. കൃഷിക്കൂട്ടങ്ങളെ ഉത്പാദനം, വിപണനം എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ വരുമാനം വർധിപ്പിക്കൽ, നവോ-ധൻ പദ്ധതിയിലൂടെ ലഭ്യമായ മുഴുവൻ സ്ഥലങ്ങളിലും കൃഷി യോഗ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം, ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും കാർഷിക മേഖലയിലെ പദ്ധതികളിൽ പങ്കാളികളാക്കണം, രാഷ്ട്രീയ മേഖലയിലെ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി ശേഖരിച്ച് ഒരു വ്യക്തമായ കാർഷിക പ്ലാൻ തയ്യാറാക്കുക, നവീനമായ കാർഷിക മുറകൾ ഉപയോഗപ്പെടുത്തി ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുക, കൃഷിയിടത്തിലെ വന്യ മൃഗശല്യം സംബന്ധിച്ച കാര്യങ്ങളിൽ പ്രായോഗികമായ അറിവുകൾ ഉപയോഗപ്പെടുത്തി കൃഷി ഉറപ്പാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നവീന ആശയങ്ങൾ പദ്ധതികൾ ആക്കി കാർഷിക വികസനം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ നമ്മുടെ കാർഷിക മേഖലയെ കൂടുതൽ ഊർജസ്വലമാക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല ഐഎഎസ്. വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ സുനിൽ എ.ജെ, മീനാ റ്റി.ഡി., ബിൻസി എബ്രഹാം, തോമസ് സാമുവൽ, സ്റ്റേറ്റ് അഗ്രികൾച്ചർ എൻജിനീയർ ബാബു, കൃഷി വകുപ്പ് സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സാബിർ ഹുസൈൻ ബന്ധപ്പെട്ട ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, വകുപ്പിലെ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story