Quantcast

'പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങള്‍ ജനാധിപത്യരീതിയിലുള്ളത്'; എസ്.എഫ്.ഐ പ്രതിഷേധത്തെ ന്യായീകരിച്ച് മന്ത്രി രാജീവ്

സുരക്ഷാ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് ഉത്തരവാദപ്പെട്ടവർ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പി. രാജീവ്

MediaOne Logo

Web Desk

  • Updated:

    2023-12-12 06:09:13.0

Published:

12 Dec 2023 4:33 AM GMT

Minister P Rajeev defends SFI protest against Governor Arif Mohammad Khan
X

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തെ ന്യായീകരിച്ച് മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എതിരെയുള്ള സമരങ്ങള്‍ രണ്ടാണ്. പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങള്‍ ജനാധിപത്യരീതിയിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും ഗവർണ്ണർക്കെതിരെയും നടന്ന സമരങ്ങള്‍ രണ്ടും രണ്ടാണ്. പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങൾ ജനാധിപത്യരീതിയിലുള്ളതാണ്. ഒളിഞ്ഞുനിന്ന് സമരം നടത്തുന്ന രീതിയാണു പ്രതിപക്ഷത്തിന്‍റേത്. എസ്.എഫ്.ഐ പ്രതിഷേധത്തിൽ വീഴ്ചയുണ്ടോയെന്ന് റിപ്പോർട്ട് കിട്ടിയ ശേഷമേ പറയാനാകൂവെന്നും രാജീവ് വ്യക്തമാക്കി.

ഗവർണർ കാറിന് പുറത്തിറങ്ങിയത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. സുരക്ഷയുള്ള ആളുകള്‍ക്കു പ്രത്യേക നിര്‍ദേശങ്ങളുണ്ടാകും. ഗവര്‍ണര്‍ക്ക് കുറച്ചുകൂടി വലിയ സുരക്ഷയുണ്ട്. ആ നിര്‍ദേശങ്ങള്‍ എല്ലാവരും അംഗീകരിക്കണം. സുരക്ഷാ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് ഉത്തരവാദപ്പെട്ടവർ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകീട്ടായിരുന്നു തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ പ്രതിഷേധം നടന്നത്. ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. വൈകീട്ട് കേരള സർവകലാശാല കാംപസിനു മുന്നിലാണു സംഭവം. ആക്രമണത്തിൽ ക്ഷുഭിതനായി ഗവർണർ കാറിൽനിന്ന് ചാടിയിറങ്ങി. പൊട്ടിത്തെറിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് ആളുകളെ തനിക്കെതിരെ പ്രതിഷേധത്തിന് അയയ്ക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു.

വൈകീട്ട് കേരള യൂനിവേഴ്‌സിറ്റിക്കു മുൻപിലായിരുന്നു ആദ്യത്തെ പ്രതിഷേധം. 6.50ഓടെയാണ് ഗവർണർ ഡൽഹിയിലേക്കു പോകുന്നതിനായി രാജ്ഭവനിൽനിന്നു പുറപ്പെട്ടത്. വലിയ സുരക്ഷാസന്നാഹത്തിലായിരുന്നു ഗവർണറുടെ യാത്ര. എന്നാൽ, കേരള യൂനിവേഴ്‌സിറ്റിക്ക് സമീപം 20ഓളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടികളും പ്ലക്കാർഡുകളുമായി ചാടിയിറങ്ങുകയായിരുന്നു. വാഹനത്തെ പിന്തുടർന്നും പ്രതിഷേധം തുടർന്നു. 'ആർ.എസ്.എസ് ഗവർണർ ഗോ ബാക്ക്' എന്നു വിളിച്ചാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

Summary: Minister P Rajeev defends SFI protest against Governor Arif Mohammad Khan

TAGS :

Next Story