ചെന്നിത്തലയുടേത് പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം നഷ്ടമായപ്പോഴുണ്ടായ ഇച്ഛാഭംഗമെന്ന് മന്ത്രി ആര്‍.ബിന്ദു
പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ സമുച്ചയം തീർത്തുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൃത്യത വന്നു എന്ന് കരുതുന്നുവെന്നും ബിന്ദു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
ലോകായുക്ത വിധിയില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ സമുച്ചയം തീർത്തുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൃത്യത വന്നു എന്ന് കരുതുന്നുവെന്നും ബിന്ദു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന രീതിയായിരുന്നു. ജോലി നിർവഹിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും അനുവദിക്കണം. വി.ഡി സതീശന്‍റെ ഭാഗത്ത് നിന്നുണ്ടായത് സഹകരണ മനോഭാവമാണ്. ചെന്നിത്തലക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അസഹിഷ്ണുതയാണെന്നും ബിന്ദു ആരോപിച്ചു. മാധ്യമപ്രവർത്തകർ വിഷയം മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കണം. വാർത്തകൾ വക്രീകരിക്കരുത്. ഗവർണറുമായി ഏറ്റുമുട്ടേണ്ട കാര്യമില്ല. ഗവർണറെ കുറിച്ച് വിവാദ പരാമർശം ഉണ്ടാക്കാൻ താൽപര്യമില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയാണ് പ്രശ്നമെന്നും ബിന്ദു പറഞ്ഞു.
വിവാദപൂർണമായ അന്തരീക്ഷം സൃഷ്ടിക്കരുത്. അനാവശ്യ വാദപ്രതിവാദങ്ങൾ അല്ല വേണ്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ മലയാള മാധ്യമങ്ങൾ തമസ്കരിക്കുന്നു. തന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകുമെന്ന് കരുതണ്ട. മാധ്യമങ്ങൾ കുറച്ച് കൂടി അവധാനതയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യണം. കുറച്ചു കൂടി നല്ല നിലവാരത്തിലേക്ക് മാധ്യമങ്ങൾ ഉയരണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
Adjust Story Font
16