Quantcast

അറസ്റ്റിലായത് റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ; നിയമത്തിന്റെ വഴിക്കെന്ന് മന്ത്രി

കൂടുതൽ ന്യായീകരണത്തിന് താൻ തയ്യാറല്ലെന്ന് മന്ത്രി

MediaOne Logo

Web Desk

  • Published:

    1 Nov 2022 6:39 PM GMT

അറസ്റ്റിലായത് റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ; നിയമത്തിന്റെ വഴിക്കെന്ന് മന്ത്രി
X

തിരുവനന്തപുരം: തിരുവനന്തപുരം കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലെ പ്രതി സന്തോഷ് ജ​ല​ സേചന വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സത്യസന്ധമായ അന്വേഷണം നടക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മന്ത്രി മീഡിയ വണിനോട് പറഞ്ഞു.

അറസ്റ്റിലായ ആളെ തനിക്കറിയില്ല. കരാറടിസ്ഥാനത്തിൽ നിയമനം നടത്തിയതാണെന്നാണ് സൂചന. മറ്റ് കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ ന്യായീകരണത്തിന് താൻ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മ്യൂസിയത്തിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് വൈകിട്ട് സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുറവൻകോണത്ത് അതിക്രമം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സന്തോഷിനെ പോലീസ് പിടികൂടിയത്. വീട് ആക്രമിച്ചത് താനാണെന്ന് സന്തോഷ് കുറ്റം സമ്മതിച്ചെങ്കിലും മ്യൂസിയം കേസുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ചൊവ്വാഴ്ച രാത്രിയായിരുന്നു കുറവൻകോണത്ത് അശ്വതിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്‌ച 9.45ഓടെ വീട്ടിൽ കയറിപ്പറ്റിയ അക്രമി ടെറസിൽ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി പുറത്തേക്ക് പോയി. അൽപനേരം കഴിഞ്ഞ് കയ്യിൽ ചുറ്റികയുമായി വീണ്ടും മതിലുചാടി എത്തിയ ശേഷം ജനൽചില്ലുകൾ തകർക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച പ്രതി എന്തിനാണ് വീട് ആക്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെ പോലീസ് പുറത്തുവിട്ട മ്യൂസിയം അതിക്രമ കേസിലെ പ്രതിയുടെ രേഖാചിത്രം കണ്ട വീട്ടുകാർക്ക് രണ്ടും ഒരാൾ തന്നെയാണോ എന്ന സംശയം ബലപ്പെട്ടു. എന്നാൽ, ഏറെ നേരം ചോദ്യം ചെയ്തിട്ടും മ്യൂസിയത്തിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ പ്രതി കുറ്റം സമ്മതിച്ചിട്ടില്ല.

TAGS :

Next Story