'ഇടുക്കി മണിയാറൻകുടി പ്രളയ പുനരധിവാസത്തിൽ പോരായ്മയെങ്കിൽ പരിശോധിക്കും'; മന്ത്രി റോഷി അഗസ്റ്റിൻ
വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചതിൽ വീഴ്ച പറ്റിയെന്ന മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി
ഇടുക്കി: ഇടുക്കിയിലെ പുനരധിവാസ പദ്ധതിയിൽ പോരായ്മകളുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചതിൽ വീഴ്ച പറ്റിയെന്ന മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പെരിങ്കാല,മുളകുവള്ളി,കമ്പളികണ്ടം,പനംകുട്ടി എന്നിവിടങ്ങളിൽ നിന്നുള്ള പതിമൂന്ന് കുടുംബങ്ങളെയായിരുന്നു മന്ത്രിയുടെ മണ്ഡലമായ മണിയാറൻ കുടിയിൽ പുനരധിവസിപ്പിച്ചത്. സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ പത്ത് ലക്ഷം രൂപയിൽ നാല് ലക്ഷം രൂപയാണ് സർക്കാർ സഹായമായി ഇവർക്ക് ലഭിച്ചത്. വെള്ളവും വഴിയും വൈദ്യുതിയുമെത്താത്ത മലഞ്ചെരുവിൽ വീടൊരുക്കാനായത് മൂന്ന് പേർക്ക് മാത്രം. വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ജില്ലാതല അവലോകന യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
അഞ്ച് സെന്റ് സ്ഥലത്ത് 430 സ്ക്വയർഫീറ്റ് വീടിനായിരുന്നു അനുമതി. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥലത്ത് കുടിവെള്ളമടക്കം വിലകൊടുത്തു വാങ്ങേണ്ടി വന്നതോടെയാണ് പലരും വീടെന്ന സ്വപ്നം ഉപേക്ഷിച്ചത്. പൊതുകുളം നിർമിക്കുമെന്നായിരുന്നു പഞ്ചായത്തിൻ്റെ ഉറപ്പ്. ഭൂമി വിതരണം ചെയ്തതിലും ധനവിനിയോഗത്തെ സംബന്ധിച്ചുള്ള പരാതിയും നിലവിലുണ്ട്.
Adjust Story Font
16