'പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് എന്തിന്? ഞാനും പുകവലിക്കാറുണ്ട്'; യു. പ്രതിഭയുടെ മകനെതിരായ കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ
''ഞാൻ പണ്ട് ജയിലിൽ കിടന്നപ്പോൾ വലിച്ചിരുന്നു. എം.ടി വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണ്.''
ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നു മന്ത്രി ചോദിച്ചു. പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാൻ താനും ജയിലിൽ കിടന്നപ്പോൾ പുകവലിക്കാറുണ്ടായിരുന്നുവെന്നും പറഞ്ഞു. അന്തരിച്ച എഴുത്തുകാരൻ എം.ടി വാസുദേവൻ നായരും പുക വലിക്കാറുണ്ടായിരുന്നുവെന്നും മന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഇന്നലെ കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയിൽ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു സജി ചെറിയാന്റെ പരാമർശങ്ങൾ. ''കുട്ടികൾ കൂട്ടം കൂടില്ലേ.. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്‌തെന്ന് എഫ്‌ഐആറിലില്ല. പുകവലിച്ചു എന്നാണ് അതിലുള്ളത്. ഞാനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലിൽ കിടന്നപ്പോൾ വലിച്ചിരുന്നു. എം.ടി വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണ്.''-അദ്ദേഹം പറഞ്ഞു.
പുകവലിച്ചതിനു ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. നമ്മുടെ കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. നമ്മളെല്ലാം കുഞ്ഞുങ്ങളായി വന്നതല്ലേ. ഓരോരുത്തരും അവർ കാണിച്ചുവച്ചത് കൂട്ടിവച്ചാൽ എത്ര പുസ്തകമാക്കാൻ പറ്റും? കൊച്ചുകുട്ടികളല്ലേ, അവർ കമ്പനിയടിക്കുകയും വർത്തമാനം പറയുകയും ചെയ്യും. ചിലപ്പോൾ പുകവലിച്ചെന്നുമിരിക്കും. അതിനെന്താണ്? വലിച്ചതു ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
140 എംഎൽഎമാരിൽ ഏറ്റവും മികച്ചയാളാണ് പ്രതിഭ എന്നും അദ്ദേഹം പ്രശംസിച്ചു. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ മക്കളെക്കൊണ്ട് അനുഭവിച്ച പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പ്രകീർത്തനം. പ്രതിഭയെ ബിജെപി നേതാക്കൾ പാർട്ടിയിലേക്കു ക്ഷണിച്ചതിനെ മന്ത്രി സജി ചെറിയാൻ പരിഹസിക്കുകയും ചെയ്തു.
Summary: 'Why is there a non-bailable section for smoking?'; Minister Saji Cherian criticizes excise in the case against U. Pratibha's son
Adjust Story Font
16