Quantcast

ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മന്ത്രി കാര്യമക്ഷമമായി ഇടപെടണം: കേരള മുസ്‌ലിം ജമാഅത്ത്

നിലവിലെ സാമ്പത്തിക വർഷത്തേക്ക് അനുവദിക്കപ്പെട്ട 63.0 കോടി രൂപയിൽ കേവലം 2.79 ശതമാനം മാത്രമാണ് വിനിയോഗിച്ചത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

MediaOne Logo

Web Desk

  • Updated:

    2024-01-01 16:01:59.0

Published:

1 Jan 2024 3:52 PM GMT

Minister should effectively intervene in minority welfare department says Kerala Muslim Jamaat
X

മലപ്പുറം: പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള പദ്ധതി നടത്തിപ്പിൽ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. സംസ്ഥാനത്തെ 47 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കായി ബജറ്റിൽ നീക്കിവയ്ക്കുന്ന തുക തന്നെ കുറവായിരിക്കെ അത് യഥാസമയം വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത് അതീവ ഗുരുതരവും ന്യൂനപക്ഷ സമുദായങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

നിലവിലെ സാമ്പത്തിക വർഷത്തേക്ക് അനുവദിക്കപ്പെട്ട 63.0 കോടി രൂപയിൽ കേവലം 2.79 ശതമാനം മാത്രമാണ് വിനിയോഗിച്ചത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത് ഞെട്ടിപ്പിക്കുന്നതാണ്. അതിനാൽ ഇക്കാര്യത്തിൽ അതീവ ഗൗരവത്തോടെ മന്ത്രി തന്നെ നേരിട്ട് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുത്ത് ജനാധിപത്യ മര്യാദ കാണിക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു. പദ്ധതി നടത്തിപ്പിലെ അപേക്ഷ ക്ഷണിക്കുന്നത് മുതലുള്ള ഗുരുതരമായ വീഴ്ചകൾ വകുപ്പിൽ നിത്യസംഭവമായി മാറിയിരിക്കുന്നു.

ഇക്കാര്യങ്ങളിൽ എല്ലാം അടിയന്തര പരിഹാരമാണ് ന്യൂനപക്ഷ സമൂഹം പ്രതീക്ഷിക്കുന്നതെന്നും കമ്മറ്റി ഓർമപ്പെടുത്തി. പദ്ധതികൾക്കായി വകയിരുത്തിയ തുക ഒരു കാരണവശാലും നഷ്ടപ്പെടാതെ ന്യൂനപക്ഷസമുദായ ക്ഷേമ പ്രവർത്തനങ്ങൾക്കായി തന്നെ ഉറപ്പ് വരുത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

TAGS :

Next Story