Quantcast

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി.ശിവന്‍കുട്ടി

യുട്യൂബ് ചാനൽ വഴിയാണ് ചോദ്യപേപ്പർ പ്രചരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-12-14 07:55:56.0

Published:

14 Dec 2024 5:18 AM GMT

v sivankutty
X

തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് വൺ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചില യൂട്യൂബ് ചാനലുകളിലൂടെ ആണ് ചോദ്യപേപ്പർ ചോർന്നതെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും സൈബർസെല്ലിലും പരാതി നൽകി.

എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ പ്ലസ് വൺ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇതുരണ്ടുമാണ് യൂട്യൂബ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യഘട്ടത്തിൽ ചോദ്യപേപ്പർ ചോർച്ച സമ്മതിക്കാതിരുന്ന വിദ്യാഭ്യാസ വകുപ്പ് ഒടുവിൽ ചോദ്യപേപ്പർ ചോർച്ച തുറന്നു സമ്മതിച്ചു.

അതീവ രഹസ്യ സ്വഭാവത്തോടുകൂടിയാണ് എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പർ തയ്യാറാക്കുന്നത്. എന്നാൽ ചോദ്യപേപ്പർ ചോർന്നത് ഗൗരവമായിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ട്യൂഷൻ സെന്‍ററുകൾ മുഖേന യൂട്യൂബ് ചാനലുകളിലേക്ക് ചോദ്യപേപ്പർ എത്തിയതാകാം എന്ന് വിദ്യാഭ്യാസ വകുപ്പ് കരുതുന്നു. ഇതിന് കൂട്ടുനിന്ന വകുപ്പിലെ അധ്യാപകർ ആരെങ്കിലും ഉണ്ടെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ട്യൂഷൻ സെന്‍ററുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. ഡിജിപിയുടെയും സൈബർ സെല്ലിന്‍റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെയും കീഴിൽ പല നിലയിലുള്ള അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. തുടർനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗവും ചേരും.



TAGS :

Next Story