''സര്‍ക്കാര്‍ അമ്മയ്ക്കൊപ്പം''; അനുപമയ്ക്ക് പിന്തുണയുമായി മന്ത്രി വീണാ ജോർജ്
നിരാഹാര സമരം തുടങ്ങുന്നതിനു തൊട്ടുമുൻപ് വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് അനുപമയെ ഫോണിൽ വിളിച്ചു
തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി. വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജാണ് ഇന്നു അനുപമയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചത്. കേസിൽ മന്ത്രി വകുപ്പുതല അന്വേഷണവും നടപടിയും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
സെക്രട്ടറിയേറ്റ് പടിക്കൽ അനുപമയുടെ നിരാഹാര സമരം ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെയാണ് മന്ത്രി ഫോണിൽ വിളിച്ചത്. കേസിൽ വകുപ്പുതല അന്വേഷണം നടത്തും. കൃത്യമായ നടപടികളുണ്ടാകുമെന്നും ഉറപ്പുനൽകി. താനും ഒരു അമ്മയാണ്. അനുപമയുടെ വികാരം തനിക്ക് മനസിലാകും. അനുപമയ്‌ക്കൊപ്പമാണ് സർക്കാരുള്ളതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കേസിൽ കഴിഞ്ഞ ദിവസം തന്നെ മന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വകുപ്പ് സെക്രട്ടറിയോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ നിർദേശം നൽകി. ഈ റിപ്പോർട്ട് ലഭിച്ചാലുടൻ വകുപ്പുതല നടപടിയുണ്ടാകും. കുട്ടിയെ ദത്ത് നൽകിയ നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഇന്നലെ മന്ത്രി പരസ്യമായി തുറന്നുപറഞ്ഞിരുന്നു.
അതേസമയം, ഇന്നത്തെ നിരാഹാരസമരവുമായ മുന്നോട്ടുപോകാൻ തന്നെയാണ് അനുപമയുടെ തീരുമാനം. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഇന്ന് അവർ മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. പൊലീസ് ഇത്രയും കാലമെടുത്ത നടപടകൾ വിശ്വസിക്കാൻ കഴിയുന്ന രീതിയിലുള്ളതല്ല. പരാതി നൽകി ആറുമാസം കഴിഞ്ഞാണ് പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്താൻ പോലും. ചില രേഖകൾ ലഭിക്കാനുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് നിയമപോരാട്ടവുമായി മുന്നോട്ടുപോകാനാണ് അനുപമയും ഭർത്താവ് അജിത്തും തീരുമാനിച്ചിരിക്കുന്നത്.
കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങുന്നത്. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആൺകുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പൊലീസിന് മറുപടി നൽകിയിരുന്നു. മറ്റ് വിവരങ്ങൾ ലഭ്യമല്ലായെന്നും വിശദീകരണം നൽകി. ഈ സാഹചര്യത്തിലാണ് ദത്തുനൽകിയതിന്റെ വിശദാംശങ്ങൾ തേടി സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിക്ക് പൊലീസ് കത്ത് നൽകിയത്. വേഗത്തിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളിൽ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് പൊലീസ് ആലോചിക്കുന്നത്. പൊലീസ് അന്വേഷണത്തിനെതിരെ വ്യാപകപരാതി ഉയർന്ന സാഹചര്യത്തിൽ പേരൂർക്കട സിഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ മേൽനോട്ട ചുമതല കന്റോൺമെൻറ് അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.
Adjust Story Font
16