Quantcast

''ജനങ്ങളുടെ ശബ്ദം കേൾക്കുന്ന മന്ത്രി''; മുഹമ്മദ് റിയാസിന് പ്രശംസയുമായി നടൻ ജയസൂര്യ

''പരിപാടിക്ക് പോകുന്നതിനിടയിൽ തന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടേയെന്ന് മന്ത്രിയോട് ചോദിച്ചിരുന്നു. ഉള്ളിൽ തോന്നിയത് പറയുമെന്നുള്ളതുകൊണ്ടാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ മറുപടി''

MediaOne Logo

Web Desk

  • Updated:

    2021-12-04 11:01:32.0

Published:

4 Dec 2021 10:59 AM GMT

ജനങ്ങളുടെ ശബ്ദം കേൾക്കുന്ന മന്ത്രി; മുഹമ്മദ് റിയാസിന് പ്രശംസയുമായി നടൻ ജയസൂര്യ
X

കേരളത്തിലെ റോഡുകളെക്കുറിച്ചുള്ള വിമർശനങ്ങൾക്കു പിറകെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനവുമായി നടൻ ജയസൂര്യ. താൻ ഏറെ ശ്രദ്ധിക്കുന്നയാളാണ് റിയാസെന്നും നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യംകൊടുക്കുന്ന മന്ത്രിയാണ് അദ്ദേഹമെന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്നും ഇനിയുള്ള പ്രവർത്തനങ്ങളിൽ പ്രതീക്ഷയുണ്ടെന്നും ജയസൂര്യ കുറിച്ചു.

പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ പ്രതികരിച്ചുപോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരനെന്ന നിലയിൽ സ്വാഭാവികമായും ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽനിന്ന് കേട്ടിട്ടുണ്ട്-ഫേസ്ബുക്ക് കുറിപ്പിൽ ജയസൂര്യ ചൂണ്ടിക്കാട്ടി.

രണ്ടുദിവസം മുൻപാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതെന്നും ജയസൂര്യ സൂചിപ്പിച്ചു. പരിപാടിക്കുമുൻപ് കുടുംബവുമൊന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പരിപാടിക്ക് പോകുന്നതിനിടയിൽ തന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടേയെന്ന് മന്ത്രിയോട് ചോദിച്ചിരുന്നു. ഉള്ളിൽ തോന്നിയത് പറയുമെന്നുള്ളതുകൊണ്ടാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ മറുപടി. വേദിയിൽ ഉന്നയിച്ചത് ആത്മാർത്ഥതയുടെ ശബ്ദമായിരുന്നു. താൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധിയുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതാണെന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ജയസൂര്യയുടെ വിമർശനം. റോഡ് തകർന്നുകിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്നും അങ്ങനെയാണെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലെന്നുമായിരുന്നു വിമർശനം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലും റോഡ് തകർന്നുകിടക്കുകയാണെന്നും താരം കുറ്റപ്പെടുത്തി.

എന്നാൽ, വേദിയിൽവച്ചു തന്നെ റിയാസ് ജയസൂര്യയെ തിരുത്തുകയും ചെയ്തിരുന്നു. കേരളത്തെയും ചിറാപുഞ്ചിയേയും തമ്മിൽ താരതമ്യം ചെയ്യുക സാധ്യമല്ലെന്നും ചിറാപ്പുഞ്ചിയിൽ ആകെ 10,000 കിലോമീറ്റർ റോഡുകൾ മാത്രമാണുള്ളതെന്നും കേരളത്തിൽ മൂന്നരലക്ഷം കിലോമീറ്റർ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരമെന്തെന്ന് പരിശോധിക്കുമെന്നും അതിനുള്ള സാങ്കേതികവിദ്യകൾ പഠിക്കുമെന്നും റിയാസ് പറഞ്ഞു.

ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽനിന്ന് കേട്ടിട്ടുണ്ട്.

രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർത്ഥതയുടെ ശബ്ദമായിരുന്നു. ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ഈ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിമുതൽ നമ്മുടെ റോഡുകളിൽ അത് പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും വിലാസവും പ്രദർശിപ്പിക്കുക എന്ന രീതി. വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പിൽവരുത്തുകയാണ്. റോഡുകൾക്ക് എന്ത് പ്രശ്‌നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് എന്നതും ഒരു ജനകീയ സർക്കാറിന്റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സർക്കാർ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോഴാണ് . ശ്രീ റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ. പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ.

Summary: Actor Jayasurya praises Public Works Minister Mohammad Riyas after criticism of roads in Kerala. In a Facebook post, Jayasuriya said that Riyas is a minister who listens to our voices and values ​​our voices. Jayasuriya said he was proud of his work so far and hoped for more to come.

TAGS :

Next Story