'തൃക്കാക്കരയിൽ മന്ത്രിമാർ ജാതിയും മതവും നോക്കി വോട്ട് ചോദിക്കുന്നു'; ആരോപണവുമായി പ്രതിപക്ഷ നേതാവ്
''സർക്കാർ സംവിധാനം മുഴുവൻ ഉപയോഗിച്ചാണ് തൃക്കാക്കരയിൽ ഇടതുപക്ഷം പ്രചാരണം നടത്തുന്നത്. ഓരോ മന്ത്രിമാരും അവരുടെ മതത്തിൽപെട്ട, ജാതിയിൽപെട്ട വീടുകൾ കയറിയിറങ്ങുകയാണ്.''
കൊച്ചി: തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് ചോദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജാതിയും മതവും നോക്കിയാണ് മന്ത്രിമാർ വീടുകയറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ സംവിധാനം മുഴുവൻ ഉപയോഗിച്ചാണ് തൃക്കാക്കരയിൽ ഇടതുപക്ഷം പ്രചാരണം നടത്തുന്നത്. ഓരോ മന്ത്രിമാരും അവരുടെ മതത്തിൽപെട്ട, ജാതിയിൽപെട്ട വീടുകൾ കയറിയിറങ്ങുകയാണ്. എന്തൊരു നാണക്കേടാണിത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണെന്നാണ് വെപ്പ്. എന്നിട്ട്, ഓരോരുത്തരും അവരുടെ മതത്തിലും ജാതിയിലുംപെട്ടവരുടെ മാത്രം വീടുകൾ കയറിയിറങ്ങി വോട്ട് ചോദിക്കുകയാണ്. മതേതര കേരളത്തിന് ഇത് അപമാനമാണ്- വി.ഡി സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി മണ്ഡലത്തിൽ നടത്തുന്ന സോഷ്യൽ എൻജിനീയറിങ്ങും വർഗീയ പ്രീണനമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ പ്രീണിപ്പിക്കുന്ന നയമാണ് മുഖ്യമന്ത്രി സോഷ്യൽ എൻജിനീയറിങ്ങിലൂടെ മണ്ഡലത്തിൽ നടപ്പാക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ തമ്മിലടിച്ചതിന്റെ ഭാഗമായി മറ്റൊരു സ്ഥാനാര്‍ഥിയെ നൂലില്‍കെട്ടിയിറക്കിയതിന്റെ പരിഭവത്തില്‍ പാര്‍ട്ടി വോട്ടുകള്‍ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പാര്‍ട്ടി വോട്ടുകള്‍ പിടിച്ചുനിര്‍ത്താനും ഭരണസ്വാധീനം ഉപയോഗിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി തൃക്കാക്കരയിൽ ക്യാംപ് ചെയ്യട്ടെ. സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
യു.ഡി.എഫ് പുതുതായി 6,500 വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. എല്ലാം കക്ഷികളുടെ അപേക്ഷകളില്‍നിന്നും ആകെ 3,600 വോട്ടുകള്‍ മാത്രമാണ് ചേര്‍ക്കപ്പെട്ടത്. യു.ഡി.എഫ് നല്‍കിയ അയ്യായിരത്തോളം അപേക്ഷകളാണ് ഒഴിവാക്കിയത്. ഒഴിവാക്കിയ വോട്ടുകള്‍ ചേര്‍ക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ തയാറാകണം. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥയെയാണ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറായി നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെങ്കില്‍ യു.ഡി.എഫ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.
Summary: 'Ministers seeking votes looking the cast and religion of voters in Thrikkakara by-poll ', alleges the Leader of the Opposition VD Satheesan
Adjust Story Font
16